‘ഗോമാതാ ഉലര്‍ത്ത്’ പാചക വീഡിയോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രഹന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി.

മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിരസിക്കുകയായിരുന്നു.

ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചുംബനസമര, ശബരിമല വിഷയങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചയാളാണ് രഹ്ന.

ശബരിമല വിവാദത്തിനു പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

തുടര്‍ന്ന് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭര്‍ത്താവ് മനോജ് ശ്രീധറും തമ്മില്‍ പിരിയുകയും ചെയ്തിരുന്നു.

ഈ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രഹനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

പോക്‌സോ വകുപ്പ് ചുമത്തിയായിരുന്നു അന്ന് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹന പങ്കുവെച്ച ചിത്രമാണ് അന്ന് വിവാദമായത്.

Related Articles

Back to top button