ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ കൂപ്പുകുത്തിയ വ്യവസായി ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നിൽനിന്നും ഏഴിലേക്ക് വീണു.
ഫോർബ്സിന്റെ ധനികരുടെ പട്ടികയിലാണ് അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നിലവിലെ അദ്ദേഹത്തിന്റെ ആസ്തി 96.5 ബില്യൺ ഡോളറാണ്. 22.7 ബില്യൺ ഡോളറിലധികം (19ശതമാനം) കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഫിനാൻഷൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണം പുറത്തുവന്ന തിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെ മൂല്യം കുത്തനേ ഇടിഞ്ഞു.
ബുധനാഴ്ചയിലെ ഇടിവിനുശേഷം ഇന്നും വിപണി നഷ്ടം രേഖപ്പെടുത്തി. നിഫറ്റി 17,750ന് താഴെയെത്തി.
സെന്‍സെക്സ് 533 പോയിന്റ് നഷ്ടത്തില്‍ 59,671ലും നിഫ്റ്റി 138 പോയിന്റ് താഴ്ന്ന് 17,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 90,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.
അദാനി എന്റർപ്രൈസസ് ഓഹരിവില 1.54 ശതമാനം ഇടിഞ്ഞപ്പോൾ അദാനി ഗ്രീൻ, അദാനി പോർട്സ്, അദാനി പവർ, ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷ ൻ, അദാനി വിൽമാർ എന്നിവയുടെ ഓഹരികളിൽ അഞ്ചു മുതൽ ഒൻപത് ശതമാനം വരെ ഇടിവുണ്ടായി.
അദാനി അടുത്തകാലത്ത് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്, എൻഡിടിവി എന്നിവയുടെ ഓഹരിവിലയും യഥാക്രമം 7.2, 7.7, 4.98 എന്നീ ശതമാനത്തിൽ ഇടിഞ്ഞു.
അദാനി എന്റർപ്രൈസസ് ഫോളോ ഓൺ പബ്ലിക് ഇഷ്യു(എഫ്പിഒ)വഴി 20,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണം ഹിൻഡൻബർഗ് പുറത്തുവിട്ടത്.
അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാ പാരം നടക്കുന്നതെന്നായിരുന്നു ആരോപണം.
12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും രണ്ടു വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ആസൂത്രിതവും അടിസ്ഥാനരഹിതവും ആണെന്ന് അദാനി ഗ്രൂപ്പും റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി ഹിൻഡൻബർഗും പ്രതികരിച്ചു.
വസ്തുതകൾക്കായി ഹിൻഡൻബർഗ് തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികൾ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷൽ ഓഫീസർ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.
വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും റിപ്പോർട്ടിനെതിരേ ഇന്ത്യയിലെയും യുഎസിലെയും നിയമ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും ഹിൻഡൻബർഗ് വക്താക്കളും വ്യക്തമാക്കി.