വിശപ്പ് രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടല്‍

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടല്‍ വീതം ആരംഭിക്കും.

ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം, സുഭിക്ഷ ഹോട്ടല്‍.

കിടപ്പു രോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 20 രൂപയ്ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ അഞ്ച് രൂപ വീതം സര്‍ക്കാര്‍ നല്‍കും.

പ്രാരംഭ ചെലവുകള്‍ക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷം രൂപ വരെയും ഹോട്ടലിന്റെ തുടര്‍ നടത്തിപ്പിനുള്ള മറ്റ് ചെലവുകളും അനുവദിക്കും.

ഹോട്ടല്‍ നടത്തുന്നതിന് ആവശ്യമായ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഇതര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സോണ്‍സര്‍ഷിപ്പ് വഴി സ്വീകരിക്കാവുന്നതാണ്.

ഭക്ഷ്യശാലകള്‍ക്ക് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ടൈഡ്ഓവര്‍ നിരക്കില്‍ അരി അനുവദിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയോ ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം വാടകരഹിതമായി ലഭിച്ചാല്‍ അവ പരിഗണിക്കാം.

അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ കെട്ടിടം വാടകക്കെടുക്കാം.

ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള കുടുബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവരെ ഹോട്ടല്‍ നടത്തിപ്പിനായി പരിഗണിക്കും.

ഉച്ചഭക്ഷണത്തിനു മാത്രമായിരിക്കും സബ്‌സിഡി. പ്രഭാത ഭക്ഷണവും, സായാഹ്ന ഭക്ഷണവും മറ്റു സ്‌പെഷല്‍ വിഭവങ്ങളും എഡിഎം അദ്ധ്യക്ഷനായ സുഭിക്ഷ കമ്മറ്റി നിശ്ചയിക്കുന്ന നിരക്കില്‍ വിതരണം ചെയ്യാം.

കിടപ്പു രോഗികള്‍, അശരണര്‍ എന്നിവര്‍ക്ക് ഉച്ചഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഊണ് ഒന്നിന് ഭക്ഷണത്തിന്റെ വിലയായ 25 രൂപയ്ക്കും കൈകാര്യ ചെലവായ അഞ്ച് രൂപയ്ക്കും പുറമെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജും സുഭിക്ഷ കമ്മറ്റിയുടെ അഗീകാരത്തോടെ ചെലവഴിക്കാവുന്നതാണ്.

Related Articles

Back to top button