വന്ദേഭാരതില്‍ പുക വലിച്ചാല്‍ പണികിട്ടും! ട്രെയിന്‍ ഉടനടി നില്‍ക്കും; അടയ്ക്കേണ്ടത് വന്‍ പിഴ

ന്യൂഡല്‍ഹി: നിരവധി സവിശേഷതകളോടെയാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവ രാജ്യത്തിന് സമര്‍പ്പിച്ചത്.

വന്‍ പ്രത്യേകതകളാണ് ട്രെയിനിനുള്ളത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളാണ്.

പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിന്‍ ഉടനടി നിര്‍ത്തുന്ന ഈ സെന്‍സറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലാണുള്ളത്.

ടോയ്‌ലറ്റില്‍ കയറി പുക വലിച്ചാല്‍ വന്ദേഭാരത് ട്രെയിന്‍ ഉടനെ നില്‍ക്കും. എന്നാല്‍ ടോയ്‌ലറ്റിനുള്ളില്‍ ഇത്തരമൊരു സംവിധാനമുള്ള കാര്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അറിയാവുന്നത്.

കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ ഇങ്ങനെ നിന്നിരുന്നു. തിരൂര്‍, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം.

ടോയ്‌ലറ്റിനുള്ളില്‍ കയറി യാത്രക്കാരന്‍ പുകവലിച്ചതാണ് കാരണം. പുകവലിച്ച ആളില്‍ നിന്നും പിഴയും ഈടാക്കിയിരുന്നു.

വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയ്‌ലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളുള്ളത്.

പുകയുടെ അളവ് ഈ സെന്‍സറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് അളവില്‍ കൂടുതല്‍ ആയാലാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ലോക്കോ കാബിന്‍ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങും.

ഏത് കോച്ചില്‍, എവിടെ നിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനിലൂടെ അറിയുവാന്‍ സാധിക്കും. അലാറം മുഴങ്ങിയാല്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമം.

റെയില്‍വേയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യൂ.

നിലവിലെ ഐസിഎഫ് കോച്ചുകളിലെ എസി കമ്പാര്‍ട്ട്‌മെന്റിലും സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഘടിപ്പിക്കാറുണ്ട്. പുതിയ എല്‍എച്ച്ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെന്‍സര്‍ സംവിധാനമുണ്ട്.

ട്രെയിനിലെ തീപിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

വന്ദേഭാരതില്‍ പുക വലിച്ചാല്‍ വന്‍ പിഴ ഈടാക്കേണ്ടി വരും എന്നുമാത്രമല്ല പുകവലിക്കാര്‍ കാരണം യാത്രയും വൈകും.

കേരളം, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന് കേന്ദ്രം നല്‍കിയത്.

Exit mobile version