IFFK: ഡെലിഗേറ്റ് റജിസ്‌ട്രേഷൻ 11 മുതല്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27–ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഡെലിഗേറ്റ് റജിസ്ട്രേഷന്‍ 2022 നവംബര്‍ 11ന് രാവിലെ 10ന് ആരംഭിക്കും.

www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് റജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്.

മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും റജിസ്ട്രേഷന്‍ നടത്താം.

എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയറ്ററുകളിലായാണ് പ്രദര്‍ശനം.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ രാജ്യാന്തര മത്സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, അന്തരിച്ച ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രശസ്ത ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം’ സമ്മാനിക്കും.

സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടാൻ സിനിമയെ മാധ്യമമായി ഉപയോഗിക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന പുരസ്കാരത്തിൽ അഞ്ച് ലക്ഷം രൂപ നൽകും.

രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ മാറ്റുരയ്ക്കും.

Related Articles

Back to top button