തിരുവനന്തപുരം: 27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12000-ൽ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്ര പ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി.
പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററുകളിലായി 70ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.
വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.
2500 സീറ്റുകൾ ഉള്ള ഓപ്പണ്‍ തിയറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.
മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദർശനം. പ്രത്യേക സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും.
മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.
പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകളാകും നടക്കുക.