സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 113 റണ്‍സിന്റെ തകർപ്പൻ ജയം. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 191 റണ്‍സിന് എല്ലാവരും പുറത്തായി.
മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും രണ്ടു വീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, ആർ.അശ്വിൻ എന്നിവരുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് സെഞ്ചുറിയനിൽ ഇന്ത്യ ടെസ്റ്റ് ജയം സ്വന്തമാക്കുന്നത്. ജയത്തോടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്സിലെ മിന്നും സെഞ്ചുറിയിലൂടെ (123) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ച കെ.എൽ.രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
94/4 എന്ന നിലയിൽ അവസാന ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാനം ദിനം ആദ്യ നഷ്ടമായത് അർധ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന നായകൻ ഡീൻ എൽഗാറിന്റെ (77) വിക്കറ്റാണ്.
പിന്നാലെ ഡി കോക്ക് (24), വിയാൻ മുൾഡർ (1) എന്നിവർ കൂടി വീണു. ബാവുമ 35 റണ്‍സുമായി പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണതോടെ പരാജയം നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 327, രണ്ടാം ഇന്നിംഗ്സ് 174. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 197, രണ്ടാം ഇന്നിംഗ്സ് 191.