ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യയിൽ ആദ്യമായി സ്ത്രീകളുടെ എണ്ണം 1000 പുരുഷന്മാർക്ക് 1020 ആയി ഉയർന്നു. ബുധനാഴ്ച പുറത്തുവന്ന അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്കുകളിൽ ആണ് ഇക്കാര്യം പറയുന്നത്. 2015-16ൽ നടത്തിയ നാലാം സർവേയിൽ 1000 പുരുഷന്മാർക്ക് 991 സ്ത്രീകൾ എന്നതായിരുന്നു കണക്ക്.
നവജാത ശിശുക്കളിലെ ലിംഗാനുപാതവും മെച്ചപ്പെട്ടിട്ടുണ്ട്. 2015-16ൽ 1000 കുട്ടികൾക്ക് 919 പെൺകുട്ടികളായിരുന്നുവെങ്കിൽ ഏറ്റവും പുതിയ സർവേയിൽ 1000 കുട്ടികൾക്ക് 929 പെൺകുട്ടികളായി. മൊത്തം ജനസംഖ്യയിലെ സ്ത്രീ-പുരുഷ അനുപാതം നഗരങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് കൂടുതൽ എന്നതാണ് പ്രത്യേകത. ഗ്രാമങ്ങളിൽ 1000 പുരുഷന്മാർക്ക് 1037 സ്ത്രീകളുള്ളപ്പോൾ നഗരങ്ങളിൽ 985 സ്ത്രീകൾ മാത്രമാണുള്ളത്.
രാജ്യത്ത് പ്രജനന നിരക്ക് 2 ആയി കുറഞ്ഞു. 2015-16ൽ ഇത് 2.2 ആയിരുന്നു. ഇന്നും, രാജ്യത്തെ 41 ശതമാനം സ്ത്രീകളും 10 വർഷത്തിൽ കൂടുതൽ വിദ്യാഭ്യാസം നേടിയവരാണ്. 59 ശതമാനം സ്ത്രീകൾക്ക് പത്താം ക്ലാസിനപ്പുറം പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ 33.7 ശതമാനം സ്ത്രീകൾക്ക് മാത്രമേ പത്താം ക്ലാസിന് മുകളിൽ പഠിക്കാൻ കഴിഞ്ഞുള്ളൂ. 5ജി കാലഘട്ടത്തിൽ പോലും രാജ്യത്ത് 33.3 ശതമാനം സ്ത്രീകൾക്ക് മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള സ്ത്രീകളുടെ എണ്ണം 25 ശതമാനം വർദ്ധിച്ചു 78.6 ശതമാനം സ്ത്രീകൾക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് ഉണ്ട്.. 2015-16ൽ ഇത് 53 ശതമാനം മാത്രമായിരുന്നു.
അതേ സമയം, 43.3 ശതമാനം സ്ത്രീകൾക്ക് അവരുടെ പേരിൽ എന്തെങ്കിലും സ്വത്ത് ഉണ്ട്. 2015-16 ൽ ഇത് 38.4 ശതമാനം മാത്രമായിരുന്നു. ആർത്തവസമയത്ത് സുരക്ഷിതമായ ശുചിത്വ നടപടികൾ സ്വീകരിക്കുന്ന സ്ത്രീകൾ 57.6 ശതമാനത്തിൽ നിന്ന് 77.3 ശതമാനം ആയി വർദ്ധിച്ചു. 15 നും 49 നും ഇടയിൽ പ്രായമുള്ള 67.1 ശതമാനം കുട്ടികളും 57 ശതമാനം സ്ത്രീകളും വിളർച്ച അനുഭവിക്കുന്നു.
രാജ്യത്ത് കക്കൂസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി സര്‍വ്വേഫലം വെളിപ്പെടുത്തുന്നു. 2015-16 ൽ 48.5 ശതമാനം പേർക്ക് സ്വന്തമായി ആധുനിക ടോയ്‌ലറ്റുകൾ ഉണ്ടായിരുന്നു.
2019-21ൽ ഇത് 70.2 ശതമാനമായി ഉയർന്നു. എന്നാൽ 30 ശതമാനം പേർക്ക് ഇപ്പോഴും ടോയ്‌ലറ്റ് ഇല്ല. രാജ്യത്തെ 96.8 ശതമാനം വീടുകളിലും വൈദ്യുതി ലഭിച്ചതായും സർവ്വേ വെളിപ്പെടുത്തുന്നു.