മെൽബണ്‍: ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. വിരാട് കോഹ്ലിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ മിന്നും ജയം.
പാക്കിസ്ഥാൻ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. 31ന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് വിജയതീരത്ത് എത്തിച്ചത്.
53 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ പുറത്താകാതെ വിരാട് 82 റണ്‍സെടുത്തു. 37 പന്തിൽ 40 റണ്‍സായിരുന്നു ഹാർദ് പാണ്ഡ്യയുടെ സന്പാദ്യം. കെ.എൽ. രാഹുൽ (4), രോഹിത് ശർമ (4), സൂര്യകുമാർ യാദവ് (15), അക്സർ പട്ടേൽ (2) എന്നിവർ നിരാശപ്പെടുത്തി.
പാക്കിസ്ഥാനായി ഹാരിസ് റൗഫും മുഹമ്മദ് നവാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്.
അർധസെഞ്ചുറി നേടിയ ഷാൻ മസൂദും (52) ഇഫ്തിക്കർ അഹമ്മദും (51) ആണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റ് വീതം നേടി. തുടക്കത്തിൽ വലിയ തകർച്ചയാണ് പാക്കിസ്ഥാൻ നേരിട്ടത്.
ബാബർ അസമിനെ എൽബിയിൽ കുടുക്കി അർഷ്ദീപ് സിംഗാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 19 റൺസിൽ നിൽക്കെ പാക് ഓപ്പണർ മുഹമ്മദ് റിസ്വാനെ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് രണ്ടാം വിക്കറ്റും വീഴ്ത്തി.
പിന്നീട് പാക്കിസ്ഥാനെ ഷാൻ മസൂദും ഇഫ്തിക്കർ അഹമ്മദും കരകയറ്റുകയായിരുന്നു. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കൂടതൽ റൺസ് വഴങ്ങിയതോടെ പാക് സ്കോർ 150 കടന്നു. ഷഹീൻ അഫ്രീദി എട്ട് പന്തിൽ 16 റൺസും നേടി.