ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യൻ അധിനിവേശം രൂപയേയും തളർത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുത്തനെയിടിഞ്ഞു. ഇന്ന് 49 പൈസ നഷ്ടത്തോടെയാണ് രൂപ വ്യാപാരം തുടങ്ങിയത്.
75.82 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. യുക്രെയ്ൻ-റഷ്യ യുദ്ധം മൂലമുള്ള വിപണി അനിശ്ചിതാവസ്ഥയാണ് രൂപയുടെ മൂല്യത്തേയും സ്വാധീനിക്കുന്നത്.
വിദേശഫണ്ടുകൾ പുറത്തേക്ക് പോകുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയും എണ്ണവിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് 75.78ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
മൂല്യം വീണ്ടുമിടിഞ്ഞ് 75.82 രൂപയിലെത്തി. ഡോളറിനെതിരെ തിങ്കളാഴ്ച 75.33ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളിലായി. ഒരു മാസത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 22 ഡോളർ വർധനവാണ് ഉണ്ടായത്. 2014 ന് ശേഷം ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത് ആദ്യമാണ്.
ഡബ്യുടിഐ ക്രൂഡിന്റെ വില 108 ഡോളർ പിന്നിട്ടു. അഞ്ച് ശതമാനം വർധനവാണ് ഡബ്യുടിഐ ക്രൂഡിന്റെ വിലയിലുണ്ടായത്.
ബ്രെന്റ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. രണ്ടും ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
റഷ്യക്കെതിരെ യൂറോപ്പ് കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് എണ്ണവിലയും കുതിച്ച് ഉയരാൻ തുടങ്ങിയത്. റഷ്യയിൽ നിന്നുള്ള കയറ്റുമതി നിർത്തലാക്കുമെന്ന ആശങ്കയും ഇതിന് ആക്കം കൂട്ടി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.
ഇന്ത്യ ആവശ്യമായ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് എണ്ണയുടെ വില വർധനവ് ഇറക്കുമതി പണപ്പെരുപ്പം വർധിപ്പിക്കും.
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും. കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോൾ-ഡീസൽ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്.
ഈ വർഷം ആദ്യമായാണ് വില 38,000 കടക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.