മുംബൈ: രാജ്യത്ത് ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. സെൻസെക്സ് 1,324 പോയിന്റ് താഴ്ന്ന് 58,312ലും നിഫ്റ്റി 389 പോയിന്റ് താഴ്ന്ന് 17,376ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്.
എല്ലാ വിഭാഗം ഓഹരികളിലും നഷ്ടം നേരിടുകയാണ്. ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് നാലു ശതമാനം ഇടിഞ്ഞു. ഊർജ സൂചിക 3.7 ശതമാനവും ഹെൽത്ത് കെയർ, ബാങ്കേഴ്സ്, ഓട്ടോ, ഓയിൽ സൂചികകൾ രണ്ടുശതമാനത്തിൽ അധികവുമാണ് ഇടിഞ്ഞത്.
അതേസമയം, ടെലികോം സൂചിക 2.7 ശതമാനം ഉയർന്നു. യൂറോപ്പിലും മറ്റും വ്യാപകമായി കോവിഡ് പടരുന്ന ഭീതിയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുന്നു. യൂറോപ്പിലെ കോവിഡ് ഭീതിയാണ് ക്രൂഡ് വില ഇടിയാൻ കാരണം. ബ്രെന്റ് ക്രൂഡിന്റെ വില നിലവിൽ ബാരലിന് 78.89 ഡോളറിൽ എത്തി. 84.78 ഡോളറിൽ നിന്നാണ് വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 18 ദിവസമായി എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാത്ത എണ്ണക്കമ്പനികൾക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.