വിവിധ വകുപ്പുകളുടെ വിവരങ്ങളറിയാം ‘എന്റെ ജില്ല’ മൊബൈൽ ആപ്പിലൂടെ

കോട്ടയം: സർക്കാർ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിൽ നിന്നുള്ള 25ലധികം വകുപ്പുകളുടെ വിവരങ്ങൾ ലഭ്യം.

റവന്യൂ, ആർ.ടി.ഒ., തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊലീസ്, എക്സൈസ്, അക്ഷയ, രജിസ്ട്രേഷൻ, കെ.എസ്.ഇ.ബി., കൃഷി, ആരോഗ്യവകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കും കീഴിലുള്ള മുഴുവൻ ഓഫീസുകളുടെയും വിവരങ്ങളാണ് ലഭ്യമാകുന്നത്. 

ഈ ആപ്പിലൂടെ, പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലേക്ക് ഫോൺ വിളിക്കുന്നതിനും ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിൽ മാപ്പിലൂടെ കണ്ടെത്തുന്നതിനും ഓഫീസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും ഇ-മെയിൽ അയയ്ക്കുന്നതിനും സാധിക്കും.

ഓഫീസുകൾ നൽകുന്ന സേവനങ്ങളെകുറിച്ചുള്ള വിശദവിവരവും ഇതിൽ ഉൾപ്പെടുന്നു. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓഫീസ് സന്ദർശനത്തിന് ശേഷമോ സേവനങ്ങൾ വിലയിരുത്തിയതിനു ശേഷമോ ഓഫീസുകൾക്ക് റേറ്റിംഗ് നൽകാനും സംവിധാനമുണ്ട്. ഒന്നു മുതൽ അഞ്ചു വരെയാണ് റേറ്റിങ്.

ഇത്തരത്തിൽ രേഖപ്പെടുത്തുന്ന അവലോകനങ്ങൾ പരസ്യമായിരിക്കും. ഇത്തരത്തിലുള്ള എല്ലാ അവലോകനങ്ങളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തും. അവലോകനങ്ങൾ ഓഫീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രചോദനമാകും.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനാണ് ആപ്ലിക്കേഷന്റെ പരിപാലന ചുമതല. എല്ലാ ജില്ലയിലെയും ഓഫീസുകളുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. 

Exit mobile version