പ്രണയിച്ച യുവതിക്കും ഭിന്നശേഷിക്കാരനായ യുവാവിനും ഒന്നിച്ചു ജീവിക്കാൻ വനിത കമ്മിഷന്റെ ഇടപെടൽ

തിരുവനന്തപുരം: പയ്യന്നൂർ സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഫെയ്സ് ബുക്ക് വഴി പ്രണയിച്ച യുവതിയെ ഇരുവരുടെയും സമ്മതത്തോടെ ഒപ്പം പോകാൻ അനുവദിച്ച് കേരള വനിത കമ്മിഷൻ.

കമ്മിഷൻ തിരുവനന്തപുരം സിറ്റിങ്ങിനിടെ നാടകീയമായ രംഗങ്ങൾക്കൊടുവിൽ മ്യൂസിയം പൊലീസിനെ കമ്മിഷൻ വിളിച്ചു വരുത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി ഒന്നിച്ചു പോകാൻ അനുവദിക്കുകയായിരുന്നു.

മുരുക്കുംപുഴ സ്വദേശിയായ യുവതിയാണ് അരയ്ക്ക്താഴെ തളർന്ന യുവാവിനെ പ്രണയിച്ചതും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. യുവാവിനെ സഹായികളായ രണ്ട് പേർ താങ്ങിയെടുത്ത് കൊണ്ടുവരികയായിരുന്നു.

യുവതിയുടെ പിതാവും സഹോദരനും സിറ്റിങ് നടന്ന ജവഹർ ബാലഭവനിൽ എത്തി യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കമ്മിഷൻ മ്യൂസിയം പൊലീസിനെ വിളിച്ചുവരുത്തി.

പൊലീസ് ജീപ്പിൽ ഇരുവരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ പിതാവ് കമ്മിഷനോട് തട്ടിക്കയറാൻ ശ്രമിച്ചെങ്കിലും ഡയറക്ടർ ഷാജി സുഗുണൻ ഇടപെട്ട് വിലക്കി.

കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങില്‍ പരിഗണിച്ച 90 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പായി. 11 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു.

ആകെ നിശ്ചയിച്ചിരുന്ന 176 പരാതികളില്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങള്‍ 129 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

വെള്ളയമ്പലം ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ ഇ.എം.രാധ, ഷാഹിദാ കമാല്‍, ലോ ഓഫീസര്‍ പി. ഗിരിജ, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version