ചെന്നൈ: തമിഴ് സൂപ്പര്‍ താരം നയന്‍താരക്കും വിഗ്നേഷിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്.
21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതാണ് ചോദ്യമുയരുന്നത്.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താരത്തിനോട് തമിഴ്നാട് മെഡിക്കല്‍ കോളജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു. നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2022 ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍-വിക്കി വിവാഹം.