വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ മിയാവാക്കി മാതൃകയ്‌ക്കു വെള്ളി മെഡൽ

തിരുവനന്തപുരം; ലണ്ടനില്‍ നടന്ന വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ (2021)ല്‍ മിയാവാക്കി മാതൃകയിലുള്ള വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരളത്തിൽ നിന്നുള്ള ഇന്‍വിസ്‌ മള്‍ട്ടി മീഡിയയ്‌ക്ക്‌ അംഗീകാരം.

ഇന്ത്യയിലെ കാര്‍ബണ്‍ ലഘൂകരണ വിഭാഗത്തിലെ വെള്ളി മെഡലാണ് ഇൻവീസിന് ലഭിച്ചത്. മഹാരാഷ്‌ട്രയിലെ ഗോവര്‍ധന്‍ വില്ലേജിനാണ്‌ സ്വര്‍ണ്ണ മെഡല്‍.

തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്ത്‌ നാല്‌പത്തഞ്ചു ഡിഗ്രി ചെരിവുള്ള സ്ഥലത്ത്‌ മിയാവാക്കി മാതൃകാ പരീക്ഷണത്തിലൂടെ വനവല്‍ക്കരണം സാധ്യമാക്കിയതിനാണ്‌ അവാര്‍ഡ്‌. തികച്ചും ജൈവിക രീതിയിലാണ്‌ വനം സൃഷ്‌ടിച്ചത്‌.

വനവല്‍ക്കരണത്തിനൊപ്പം തന്നെ അഞ്ഞൂറോളം സസ്യ ഇനങ്ങള്‍ നട്ടുപിടിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്‌. ശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരിപ്പിടം ഒരുങ്ങിയതോടൊപ്പം തന്നെ പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പുയര്‍ത്തുവാനും സാധിച്ചിട്ടുണ്ട്‌.

വനവല്‍ക്കരണം നടപ്പിലാക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലൂന്നി ക്രൗഡ്‌ ഫോറസ്റ്റിംഗ്‌. ഓര്‍ഗ്‌ എന്ന വെബ്‌സൈറ്റിലൂടെ മിയാവാക്കി മാതൃക പ്രചരിപ്പിക്കുവാന്‍ ഇന്‍വിസ്‌ മള്‍ട്ടിമീഡിയ നടത്തുന്ന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തു.

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാവാദിത്ത ടൂറിസത്തിന്റെ ഭാഗമായി പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതിനാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ജപ്പാനിലെ യോക്കോഹോമാ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും അന്താരാഷ്‌ട്ര അംഗീകാരം നേടിയ സസ്യശാസ്‌ത്രജ്ഞനുമായിരുന്ന ഡോ. അകിരാ മിയാവാക്കി 1970-കളില്‍ വികസിപ്പിച്ചെടുത്തതാണ്‌ മിയാവാക്കി മാതൃകാ വനവല്‍ക്കരണ പരിപാടി. ജപ്പാനിലടക്കം 17 രാജ്യങ്ങളിലായി മൂന്നരക്കോടിയിലധികം ചെടികള്‍ പ്രൊഫ. മിയാവാക്കി തന്നെ നട്ടുപിടിപ്പിച്ചിരുന്നു.

Related Articles

Back to top button