കുമരകത്തെ ഗ്രാമീണ നന്മ തൊട്ടറിഞ്ഞ് ഇസ്രയേൽ ടൂറിസം ഡയറക്ടറും പത്നിയും

കോട്ടയം: “ഞങ്ങൾ കുമരകം സന്ദർശനം അക്ഷരാർത്ഥത്തിൽ ആസ്വദിച്ചു. ഗ്രാമീണർ എല്ലാം വിനയാന്വിതരും സൗഹൃദം നിറഞ്ഞവരുമായിരുന്നു. കേരളീയ ഭക്ഷണത്തിന്റെ രുചി വൈവിധ്യവും കേരളീയ സമൂഹത്തിന്റെ സമാധാനം നിറഞ്ഞ ജീവിതവും ഞങ്ങൾ നന്നായി ആസ്വദിച്ചു.”

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള കുമരകം മാഞ്ചിറയിലെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായ വിവിധ പ്രവർത്തനങ്ങൾക്കൊപ്പം മൂന്ന് മണിക്കൂർ ചിലവഴിച്ച ശേഷം ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇൻഡ്യ – ഫിലിപ്പൈൻസ് ഡയറക്ടർ സമ്മി യാഹിയയും സഹധർമ്മിണി സൊഹദ് യാഹിയയും നിറഞ്ഞ മനസ്സോടെ കുറിച്ച വരികളാണിവ.

തങ്ങളുടെ മധുവിധുവിന്റെ ഭാഗമായി കേരളത്തിലെത്തിയ ഇരുവരും കുമരകത്തെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായി വിവിധ വീടുകളിലെത്തി.

കയർ പിരിത്തത്തിന്റെ വിവിധ രീതികൾ കണ്ടതോടെ ആവേശത്തിലായ സൊഹദ് യാഹിയ കൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി മാറി കയർ പിരിത്തത്തിന്റെ ഭാഗമായി.

പിരിച്ച കയർ കൊണ്ട് തലേക്കെട്ടുണ്ടാക്കി നൽകിയതോടെ അത് കിരീടം പോലെ ധരിച്ച സഹദ് പാക്കേജ് തീരും വരെ തലേക്കെട്ടുമായാണ് യാത്ര ചെയ്തത്.

ചെമ്പരത്തി താളി ഉണ്ടാക്കുന്ന വിദ്യ കണ്ടതോടെ നാച്വറൽ ഷാംപൂ ഉണ്ടാക്കുന്ന വിധം പഠിക്കാനുള്ള മോഹവും സൊഹദ് യാഹിയ പങ്ക് വച്ചു. ഇതേ സമയം സമ്മി യാഹിയ തെങ്ങിൽ കയറാനുള്ള പരിശ്രമത്തിലായിരുന്നു.

വല വീശി മീൻ പിടിക്കാനും കള്ള് ചെത്ത് കാണാനും സമയം ചിലവഴിച്ച ദമ്പതികൾ കുമരകത്തിന്റെ ചരിത്രവും കലാപാരമ്പര്യവും കമ്യൂണിറ്റി ടൂർ ലീഡറായ ഗീതുവിനോട് കൗതുകപൂർവ്വം ചോദിച്ചറിഞ്ഞു.

ഓല മെടയലും തഴപ്പായ നെയ്ത്തും കണ്ടതോടെ തനി നാട്ടുമ്പുറത്തുകാരിയായി മാറിയ സൊഹദ് യാഹിയ ഓലമെടയലിൽ ഒരു കൈ നോക്കാനും മടിച്ചില്ല.

രാവിലെ പാക്കേജിന്റെ ഭാഗമായി കുമരകത്തെത്തിയ ഇരുവരെയും ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ ഭഗത് സിംഗ് സ്വീകരിച്ചു.

ഇസ്രയേൽ ടൂറിസം ഡയറക്ടറുടെയും പത്നിയുടെയും കുമരകം ഗ്രാമീണ ടൂറിസം പാക്കേജിലെ സന്ദർശനം കൊവിഡാനന്തര ടൂറിസം പ്രവർത്തനത്തിലും ന്യൂ നോർമൽ കാലത്തെ ടൂറിസം പ്രവർത്തനങ്ങളിലും ആവേശം പകരുന്നതാണെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ പറഞ്ഞു.

കാക്കനാട് ആസ്ഥാനമായ മാഗി ഹോളിഡേയ്സ് എന്ന ടൂർ കമ്പനിയാണ് സമ്മി യാഹിയയുടെയും പത്നിയുടെയും കേരളത്തിലെ ടൂർ കോ ഓർഡിനേറ്റ് ചെയ്യുന്നത്.

Exit mobile version