മൈക്രോചിപ്പുള്ള കൃത്രിമ കാലുകള്‍ നിര്‍മ്മിച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: അംഗപരിമിതിയുളളവര്‍ക്കായി കൃത്രിമ സ്മാര്‍ട്ട് ലിമ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്റോ).

ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൃത്രിമ കാലുകള്‍ വാണിജ്യാവശ്യത്തിനായി ഉടന്‍ നിര്‍മ്മിക്കും. നിലവിലുളള കൃത്രിമകാലുകളേക്കാള്‍ വിലക്കുറവാകും ഇവക്ക് എന്നാണ് സൂചന.

പുതിയ സാങ്കേതികവിദ്യയെ മൈക്രോപ്രൊസസര്‍ കണ്‍ട്രോള്‍ഡ് ക്‌നീസ് എന്നാണ് വിളിക്കുന്നത്. ഇത് മൈക്രോപ്രൊസസറുകള്‍ ഉപയോഗിക്കാത്ത കൃത്രിമ അവയവങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഫലം നല്‍കുമെന്നാണ് ഇസ്‌റോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഏകദേശം 1.6 കിലോഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് കാലിന്റെ സഹായത്തോടെ അംഗപരിമിതിയുള്ളയാള്‍ക്ക് ചുരുങ്ങിയ പിന്തുണയോടെ 100 മീറ്ററോളം നടക്കാന്‍ സാധ്യമായെന്നും ഇസ്രോ പറയുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസെബിലിറ്റീസ് , ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഫിസിക്കല്‍ ഡിസെബിലിറ്റീസ്, ആര്‍ട്ടിഫിഷ്യല്‍ ലിംബ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുമായി ചേര്‍ന്നാണ് വിക്രം സാരാഭായ് സ്പേസ് സെന്ററും ഇസ്‌റോയും ഈ മൈക്രോപ്രൊസസര്‍ കണ്‍ട്രോള്‍ഡ് ക്‌നീസ് വികസിപ്പിച്ചിക്കുന്നത്.

മൈക്രോപ്രൊസസര്‍, ഹൈഡ്രോളിക് ഡാംപര്‍, ലോഡ് & ക്‌നീ ആംഗിള്‍ സെന്‍സറുകള്‍, കോമ്പോസിറ്റ് ക്‌നീ കെയ്സ്, ലിഥിയം-അയണ്‍ ബാറ്ററി, ഇലക്ട്രിക്കല്‍ ഹാര്‍നെസ്, ഇന്റര്‍ഫേസ് ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്മാര്‍ട്ട് ലിംബെന്ന് ഇസ്റോ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പിസി അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അംഗപരിമിതയുള്ളവര്‍ക്ക് നടക്കാനായുളള പരിധി സജ്ജീകരിക്കാം. നടത്തത്തിനിടയില്‍ ഈ പരിധികള്‍ തത്സമയം മാറും.

എഞ്ചിനീയറിങ് മോഡല്‍ ഉപയോഗിച്ചാണ് ഈ ഡിസൈനിന്റെ പ്രായോഗികത പരിശോധിച്ചതെന്നും ഇസ്റോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വാക്കിങ് ട്രയലുകള്‍ നടത്തുന്നതിന് ജോയിന്റ് പ്രോജക്ട് മോണിറ്ററിങ് കമ്മറ്റിയില്‍ നിന്ന് അനുമതി നേടിയ ശേഷം അംഗപരിമിതിയുള്ളയാളെ ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു.

സമാന്തര പിന്തുണയോടെയാണ് പ്രാരംഭഘട്ടത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പിന്നീട് അംഗപിരിമിതിയുള്ള ആള്‍ക്ക് ചുരുങ്ങിയ പിന്തുണയോടെ ഈ കൃത്രിമകാലുപയോഗിച്ച് 100 മീറ്ററോളം നടക്കാനായി. കാല്‍മുട്ടിന്റെ എല്ലാ സംവിധാനങ്ങളും തൃപ്തികരമായി പ്രവര്‍ത്തിച്ചുവെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു.

Related Articles

Back to top button