വീണ്ടും ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ എല്‍വിഎം-3 റോക്കറ്റ് വിക്ഷേപിച്ചു. യുകെ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഇസ്രോയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് വിക്ഷേപിച്ചത്. വണ്‍ വെബ്ബ് ഇന്ത്യ-1 മിഷന്‍ എന്ന പേരിലാണ് വിക്ഷേപണം നടന്നത്.

വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിയത്. തുടര്‍ന്ന് മറ്റ് 20 ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ച കൃത്യതയോടെ എല്ലാ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ പ്രാഗല്‍ഭ്യം കൊണ്ടാണ് ഈ ദൗത്യം വിജയിച്ചത് എന്നും ഇസ്രോയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വണ്‍ വെബ്ബിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2023 ജൂണില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ പരിശോധന പൂര്‍ത്തിയായതായും ചില ടെസ്റ്റുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് അര്‍ദ്ധരാത്രി 12.07 നാണ് വിക്ഷേപണം നടന്നത്. ഇത്രയും ഭാരമേറിയ ഉപഗ്രഹം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കുന്നത്.

സാധാരണയായി പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ വണ്‍ വെബ്ബ് ഇന്ത്യ-1 മിഷന്റെ വിക്ഷേപണം നടക്കുന്നത് ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ്.

5,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിക്കപ്പെടും.

വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാന്‍ഡ് സേവനം ബഹിരാകാശത്ത് നിന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

Exit mobile version