കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ അങ്കമാലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ആറുമാസമായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങൾ 12 വർഷമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു.
കേരളത്തിലെ നിരവധി മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളജ്, നന്തി ദാറുസലാം അറബിക് കോളജ് തുടങ്ങിയ മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു.
ചന്ദ്രിക ദിനപത്രം മാനേജിം ഡയറക്ടർ കൂടിയായ ഹൈദരലി തങ്ങൾ 2009ൽ ആണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നായിരുന്നു മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. പാണക്കാട് തങ്ങൾ കുടുംബത്തിന് ലീഗ് അധ്യക്ഷപദവി എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു നേതൃത്വം ഏറ്റെടുത്തത്.
19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങൾക്കാണ്.
പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്.
ശരീഫ ഫാത്തിമ സുഹ്റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. ഇളയ മകൻ മുഈനലി. മരുമക്കൾ: സയിദ് നിയാസ് ജിഫ്രി തങ്ങൾ, സയിദ് ഹസീബ് സഖാഫ് തങ്ങൾ.