ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ രാജ്യാന്തര വിമാന ചരക്കുനീക്കത്തിന് ഐബിഎസ് സോഫ്റ്റ് വെയര്‍

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ (ജെഎഎല്‍) രാജ്യാന്തര വിമാന ചരക്കുനീക്കത്തിലെ എല്ലാ പ്രവര്‍ത്തന മേഖലകളും ഐബിഎസ്  സോഫ്റ്റ് വെയറിന്‍റെ ഐകാര്‍ഗോ കാര്‍ഗോ ടെര്‍മിനല്‍ ഓപ്പറേഷന്‍ (ഐകാര്‍ഗോ സിടിഒ) എന്ന പ്ലാറ്റ് ഫോമിലൂടെയാക്കി.

ജെഎഎല്ലിന്‍റെ തനതായ പ്രവര്‍ത്തനങ്ങള്‍ക്ക് യോജ്യമായ രീതിയില്‍  സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഐബിഎസ് ഐകാര്‍ഗോ സിടിഒ രൂപകല്പന ചെയ്തിരിക്കുന്നത്.

ഇതോടെ നിപ്പണ്‍ ഓട്ടോമേറ്റഡ് കാര്‍ഗോ ആന്‍ഡ് പോര്‍ട്ട് കണ്‍സോളിഡേറ്റര്‍ സിസ്റ്റം (എന്‍എസിസിഎസ്) എന്ന ജപ്പാനു വേണ്ടി മാത്രമുള്ള ഏക ജാപ്പനീസ് ഇതര സോഫ്റ്റ് വെയര്‍ സംവിധാനമായി ഇത് മാറി.

ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ ഇറക്കുമതി, കയറ്റുമതി, വെയര്‍ഹൗസ്, ട്രാന്‍സ്ഫര്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലകളിലുമുണ്ടായിരുന്ന പല പരമ്പരാഗത സംവിധാനങ്ങള്‍ക്കും പകരമായി ഇനി ഐകാര്‍ഗോ സിടിഒ ഉപയോഗിക്കും.

മൊബിലിറ്റി സൊല്യൂഷനുകളിലൂടെയുള്ള ഡിജിറ്റൈസേഷനും ഓട്ടോമേഷനും വഴി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഐകാര്‍ഗോ സിടിഒയ്ക്കു കഴിയും.

പരമ്പരാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുവഴി നേരിട്ടിരുന്ന ചെലവുകളും കുറയ്ക്കാനാവും.

ഐഒഎസ് / ആന്‍ഡ്രോയ്ഡ് പിന്തുണയുള്ള ഹാന്‍ഡ് ലിങ് പ്രവര്‍ത്തനങ്ങള്‍, ട്രക്ക് ഹാന്‍ഡ് ലിങ് ആന്‍ഡ് ഡോക്കിങ് മാനേജ്മെന്‍റ്, ഓട്ടോട്രാക്ക് സപ്പോര്‍ട്ട്, ഓട്ടോ ഡാമേജ് കാപ്ചര്‍ എന്നിങ്ങനെ നൂതനമായ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബിസിനസ്-മെസേജ് പ്രവര്‍ത്തന വ്യാപ്തി, വിപുലമായ ഫ്ളൈറ്റ്-വിമാനത്താവള ശൃംഖല എന്നിവ കാരണമുള്ള മാറ്റം സങ്കീര്‍ണമായതുകൊണ്ട് രണ്ടു ഘട്ടങ്ങളിലായാണ് ഐകാര്‍ഗോ സിടിഒയിലേയ്ക്കുള്ള മാറ്റം ജെഎഎല്‍ ആസൂത്രണം ചെയ്തിരുന്നത്.

പക്ഷേ കോവിഡ് 19 സൃഷ്ടിച്ച പുത്തന്‍ ബിസിനസ് അന്തരീക്ഷത്തിലും ഈ മാറ്റം സുഗമമായിരുന്നു.

ഡിജിറ്റൈസേഷന്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനമായ അനുഭവമായിരിക്കും നല്‍കുകയെന്ന് ജെഎഎല്‍ കാര്‍ഗോ ആന്‍ഡ് മെയില്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ ഹിരു ഇവാകോഷി പറഞ്ഞു.

തങ്ങളുടെ സര്‍വീസുകള്‍ക്ക് വ്യത്യസ്തത നല്‍കുന്നതും പ്രവര്‍ത്തനം ക്രമീകരിക്കുന്നതുമുള്‍പ്പെടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഉല്പന്നം നല്‍കാന്‍ ഐബിഎസ്  സോഫ്റ്റ് വെയറിനു കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലൗഡ് ഓപ്പറേഷനിലേയ്ക്കുള്ള ഈ മാറ്റത്തിലൂടെ പുത്തന്‍ ഡിജിറ്റല്‍ സമ്പ്രദായങ്ങളുടെയും ചെലവുകള്‍ യുക്തിപൂര്‍ണമാക്കുന്നതിന്‍റെയും അപകടസാധ്യതകള്‍ ഇല്ലാതാക്കുന്നതിന്‍റെയും മെച്ചം ജെഎഎല്ലിനു ലഭിക്കുമെന്ന് ഐബിഎസ്  സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും കാര്‍ഗോ ലോജിസ്റ്റിക്സ് മേധാവിയുമായ അശോക് രാജന്‍ പറഞ്ഞു.

വിമാനക്കമ്പനികള്‍ക്കും ഗ്രൗണ്ട്  ഹാന്‍ഡ് ലിങ് കമ്പനികള്‍ക്കും തങ്ങളുടെ കാര്‍ഗോ ബിസിനസിനാവശ്യമായ ഏറ്റവും പുതിയ മുന്‍നിര സാങ്കേതികവിദ്യയാണ് ഈ പങ്കാളിത്തത്തിലൂടെ ജെഎഎല്ലിന് ലഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള  സോഫ്റ്റ് വെയര്‍ സ്ഥാപനമായ  ഐബിഎസിനു വിവിധ രാജ്യങ്ങളിലായി 15 ഓഫിസുകളുണ്ട്.

Exit mobile version