തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ഉത്സവ മഹാമഹത്തിനു മുന്നോടിയായി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും നടത്തേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഉന്നതതല അവലോകന യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഏപ്രിൽ 6 മുതൽ 13 വരെ പൊങ്കാല മഹോത്സവം നടത്തുന്നത്.
ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന നഗരസഭാ റോഡുകളുടെ ടാറിംഗും പി.ഡബ്യു.ഡി റോഡുകളുടെ അറ്റകുറ്റപണികളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്കും പി.ഡബ്യു.ഡിയ്ക്കും എംഎൽഎ നിര്‍ദ്ദേശം നല്‍കി.
അന്നദാനത്തിന് ഉൾപ്പെടെ ഉത്സവത്തിനു ആവശ്യമായ വെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. നിശ്ചയിച്ച സ്ഥലങ്ങളില്‍ ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തണം.
കഴിഞ്ഞ കാലങ്ങളിലെ പോലെ ക്ഷേത്ര പരിസരത്തുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 50 പൈപ്പ് കണക്ഷനുകള്‍ അധികമായി സ്ഥാപിക്കും.
പൊങ്കാലയ്ക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കുവാന്‍ ആവശ്യമായ ടാങ്കുകളും മറ്റും താലൂക്കും നഗരസഭയും ലഭ്യമാക്കും.
കഴിഞ്ഞ തവണത്തെ പോലെ പഴുതുകള്‍ അടച്ചുള്ള സുരക്ഷ പോലീസ് ഇത്തവണയും ഒരുക്കും.
പുറത്തെഴുന്നെള്ളത്ത് നടക്കുന്ന ഏപ്രില്‍ 12 ആം തീയതിയും പൊങ്കാല ദിവസമായ ഏപ്രില്‍ 13-നും സായുധ പോലീസിനേയും കൂടുതല്‍ വനിതാപോലീസ് ഉദ്ദ്യോഗസ്ഥരേയും വിന്യസിക്കുകയും ക്ഷേത്രത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും ചെയ്യും.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി ക്യാമറകളും എയിഡഡ് പോസ്റ്റുകളും സ്ഥാപിക്കും. ട്രാഫിക് പോലീസിന്റെയും സേവനം ലഭ്യമാക്കും. പൊങ്കാല ദിവസം 3 അസിസ്റ്റന്റ് കമ്മീഷണർമാർക്ക് കീഴിലായി മുന്നൂറോളം പോലീസിനെ വിന്യസിക്കും.
ഉത്സവത്തോട് അനുബന്ധിച്ചുള്ള അനുബന്ധ പരിപാടി നടത്തുന്നവർ പോലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നും യോഗം തീരുമാനിച്ചു.
ആരോഗ്യ ശുചീകരണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും കൂടാതെ മെഡിക്കല്‍ ടീമിന്റെയും 108 ആംബുലന്‍സുകളുടെ സേവനവും ഉറപ്പ് വരുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.
കടകംപള്ളിയിലെ മെഡിക്കല്‍ ഓഫീസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊങ്കാല ദിവസം ഫയര്‍ ഫോഴ്‌സ് സേവനവും ലഭ്യമാക്കും.
ഏപ്രില്‍ 4, 5 തീയതികളില്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും കൊച്ചു വേളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുവാന്‍ റെയില്‍വേയ്ക്ക് കത്ത് നല്‍കുമെന്ന് എംഎൽഎ യോഗത്തില്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ക്ഷേത്രപരിസരത്ത് സ്ഥാപിക്കുവാനും ഉത്സവ ദിവസങ്ങില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും, സമീപ ജില്ലകളിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കുടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഉത്സവദിവസങ്ങളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ എയ്ഡ്‌പോസ്റ്റ് ക്ഷേത്രപരിസരത്ത് സ്ഥാപിക്കും.
ഉത്സവ മേഖലയില്‍ സ്ട്രീററ് ലൈറ്റുകള്‍ സ്ഥാപിക്കുവാനും രഥം കടന്നു പോകുന്ന വീഥികളിലെ ലൈന്‍ കമ്പികള്‍ ഉയര്‍ത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും പ്രസ്തുത ദിവസങ്ങളില്‍ ആവശ്യമായ നാദവും ദീപാലങ്കാരങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് ക്ഷേത്ര പരിസരത്ത് ആവശ്യമെങ്കിൽ താത്കാലിക കണക്ഷന്‍ അനുവദിക്കും.
ഉത്സവ ദിവസങ്ങളിലും, പൊങ്കാല ദിവസവും ക്ഷേത്ര പരിസരം ശുചീകരിക്കുവാന്‍ മതിയായ താല്‍കാലിക ജീവനക്കാരെ നിയോഗിക്കാന്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി.
പൊങ്കാലയ്ക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കുവാന്‍ കോര്‍പ്പറേഷനില്‍ നിന്നും വാട്ടര്‍ ടാങ്കുകള്‍ അനുവദിക്കും. കൂടാതെ പൊങ്കാല ദിവസം ക്ഷേത്ര പരിസരങ്ങളില്‍ കോര്‍പ്പറേഷന്റെ മൊബൈല്‍ ടോയിലറ്റ് സംവിധാനം ഒരുക്കും.
നിർമാണം പുരോഗമിക്കുന്ന ലിഫ്റ്റ് ബ്രിഡ്ജ് ഉത്സവത്തിന് മുന്നേ കാൽനട യാത്രക്ക് സജ്ജമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎൽഎ നിർദ്ദേശം നൽകി. അല്ലാത്ത പക്ഷം ഒരു താത്കാലിക പാലം കൂടി നിർമിക്കുന്ന കാര്യം പരിശോധിക്കും.
പൊങ്കാലയോട് അനുബന്ധിച്ച് സപ്ലെകോയുടെ മൊബൈല്‍ വാഹന സര്‍വ്വീസ് ക്ഷേത്രപരിസരത്ത് ലഭ്യമാക്കും.
ഉത്സവ ദിവസങ്ങളില്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും കര്‍ശന പരിശോധന ഏർപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.
അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾ ഫുഡ് സേഫ്റ്റി ഓഫീസിൽ നിന്നും അനുമതി വാങ്ങണമെന്നും യോഗത്തിൽ തീരുമാനിച്ചു.
ഗ്രീന്‍ പ്രോട്ടോകോളും പാലിച്ച് കൊണ്ടാകും ഇത്തവണയും പൊങ്കാല മഹോത്സവം നടത്തുന്നത്. ക്ഷേത്ര പരിസരത്ത് കൊടികൾ അനുവദിക്കേണ്ടതില്ല എന്നും യോഗത്തിൽ തീരുമാനിച്ചു.
ഉത്സവ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണ പിന്തുണ അറിയിച്ച എംഎൽഎ ഉത്സവത്തിനു മുന്നോടിയായി ഒരിക്കൽ കൂടി അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തുമെന്നു അറിയിച്ചു.
ഡെപ്യൂട്ടി മേയർ, കരിക്കകം വാർഡ് കൗൺസിലർ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ അവലോകന യോഗത്തില്‍ പങ്കെടുത്തു.