കര്‍ക്കിടക വാവുബലി: ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം: ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. ജൂലൈ 28 നാണ് കർക്കിടക വാവ്.

ശംഖുമുഖം, തിരുവല്ലം, വര്‍ക്കല, അരുവിപ്പുറം, അരുവിക്കര എന്നീ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി ബലിതര്‍പ്പണം നടത്താവുന്ന വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് കളക്ടര്‍ വിവിധ വകുപ്പുകൾക്ക് നിര്‍ദ്ദേശം നൽകി.

ബലിതര്‍പ്പണത്തിന് വലിയ തിരക്കുണ്ടാകാ നുള്ള സാധ്യത മുന്നില്‍ കണ്ട് പരമാവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കണം.

ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

തഹസില്‍ദാര്‍മാർ, ദേവസ്വം, പോലീസ് എന്നിവര്‍ ശംഖുമുഖം, വര്‍ക്കല എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തണം. പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കണം.

അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കണം.

ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ ഇതു സംബ്ബന്ധിച്ച മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം.

എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തണം. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കണം ബലിതര്‍പ്പണമെന്നും കളക്ടര്‍ നിർദേശിച്ചു.

ഓരോ ബലിതര്‍പ്പണ കേന്ദ്രത്തിലും ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ പ്രധാന വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കണം ഒരുക്കങ്ങള്‍ നടത്തേണ്ടത്. സുരക്ഷകണക്കിലെടുത്ത് മതിയായ ബാരിക്കേഡുകള്‍ സ്ഥാപിക്കണം.

കൂടുതല്‍ വനിതാ പൊലീസുകാരെ വിന്യസിക്കുകയും വാഹന പാര്‍ക്കിംഗിന് വേണ്ടി പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തുകയും വേണം. പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണം.

ശംഖുമുഖത്തും വര്‍ക്കലയിലും ലൈഫ് ഗാര്‍ഡുമാരുടെയും സ്‌കൂബാ ഡൈവര്‍മാരുടെയും സേവനം ഉറപ്പുവരുത്തണം.

എല്ലാ കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പന്തല്‍, പ്രകാശ സജ്ജീകരണങ്ങള്‍, കുടിവെള്ളവിതരണം എന്നിവ ഉറപ്പുവരുത്തണം. ബലിതര്‍പ്പണത്തിനെത്തുന്ന പൂജാരിമാര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണം.

സി.സി.ടി.വി ക്യാമറകളും ബയോടോയ്‌ലറ്റും സ്ഥാപിക്കണം. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തണം.

എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘവും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ജില്ലാ വികസന കമ്മിഷണര്‍ ഡോ.വിനയ് ഗോയല്‍ തുടങ്ങിയവരും ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button