പനാജി: ജെംഷഡ്പൂര്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ആറുവര്‍ഷത്തിനുശേഷം ഐഎസ്എല്ലിന്റെ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ 1-0ത്തിന്റെ വിജയവുമായി രണ്ടാംപാദത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്താന്‍ ജെംഷഡ്പൂരിന് ഇത്തവണയും സാധിച്ചില്ല.
1-1 സമനിലയോടെ ഇരുപാദത്തിലുമായി 2-1 ന് ജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എടിക മോഹന്‍ ബഗാന്‍-ഹൈദരാബാദ് എഫ്‌സി സെമിയിലെ വിജയികളാകും 20 ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
കഴിഞ്ഞ പാദത്തില്‍ ഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദിന്റെ സേവനം മത്സരത്തിനു തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായിരുന്നു. അവസാന വട്ട പരിശീലനത്തിനിടെ സഹലിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല. കളിയുടെ പതിനെട്ടാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ആദ്യ പകുതിയില്‍ വേറെയും അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.
ഇരുപാദത്തിലുമായി 2-0ത്തിന്റെ മേല്‍ക്കൈയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇടവേളയ്ക്ക് പിരിഞ്ഞത്. എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തിലേ ജെംഷഡ്പൂര്‍ സമനില പിടിച്ചു. പ്രണോയ് ഹള്‍ഡെറിലൂടെയാണ് ജെംഷഡ്പൂര്‍ ഗോള്‍ മടക്കിയത്. എന്നാല്‍ പിന്നീട് ജെംഷഡ്പൂര്‍ മുന്നേറ്റത്തിന്റെ നീക്കങ്ങളെല്ലാം കൃത്യമായി തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഫൈനലിലേക്കുള്ള വഴി കാത്തു.
ലീഗ് ഘട്ടത്തില്‍ രണ്ടു തവണയും ജെംഷഡ്പൂരിനോട് തോല്‍ക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. എന്നാല്‍ പ്ലേഓഫിലെത്തിയപ്പോള്‍ ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നു. ആറു വര്‍ഷത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടുന്നത്.