ക്രൗഡ് ഫണ്ടിങ് നടത്തുമ്പോൾ സർക്കാരിന്റെ കർശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സാ ആവശ്യങ്ങൾക്കുള്ള ക്രൗഡ് ഫണ്ടിങ് നടത്തുമ്പോൾ സർക്കാരിന്റെ കർശന നിയന്ത്രണവും മേൽനോട്ടവും വേണമെന്ന് ഹൈക്കോടതി.

ആർക്കും പണം പിരിക്കാമെന്ന സാഹചര്യമുണ്ടാകരുതെന്നും സത്യസന്ധമായ ഉറവിടത്തിൽ നിന്നാണ് പണം വരുന്നതെന്നും അർഹതപ്പെട്ടവരിലാണ് ഇത് എത്തിച്ചേരുന്നത് എന്നും ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു.

മലപ്പുറത്ത് അപൂർവ രോഗം ബാധിച്ചു ചികിത്സയിലുള്ള കുട്ടിക്കു സൗജന്യ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പിതാവു സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഈ വിഷയത്തിൽ കോടതിയുടെ നിരീക്ഷണം.

ആർക്കും എങ്ങനെയും പണം പിരിക്കാം എന്ന സാഹചര്യം പാടില്ലെന്നു നിർദേശിച്ച കോടതി ഇക്കാര്യത്തിൽ പൊലീസ് ഇടപെടൽ ആവശ്യമുണ്ടെന്നും നിരീക്ഷിച്ചു.

പണം നൽകുന്നവർ പറ്റിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ല. ക്രൗഡ് ഫണ്ടിങ്ങിലേക്ക് പണം എത്തുമ്പോൾ അത് എവിടെനിന്നു വരുന്നു എന്നതിനു പരിശോധന വേണം.

സമൂഹമാധ്യമങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ അവരുടെ സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു.

ആവശ്യത്തിലധികം പണം പിരിച്ചശേഷം ബാക്കി പണം എന്തു ചെയ്യണം എന്ന കാര്യത്തിൽ വാക്തർക്കം പോലും ഉണ്ടായിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button