കൊച്ചി: സൈബര്‍ ഇടങ്ങളിലൂടെ ഹണി ട്രാപ്പില്‍ പെടുന്നവര്‍ക്കുള്ള മുന്‍കരുതലുമായി റിലീസ് ചെയ്ത കേരള പോലീസിന്റെ ഹൃസ്വചിത്രം വൈറലാകുന്നു.
വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കേണല്‍ കൃഷ്ണകുമാര്‍ മേനോനിലൂടെയാണ് കഥയുടെ തുടക്കം.
കേസ് അന്വേഷണത്തിനെത്തിയ പോലീസ് ഓഫീസര്‍ ഹണിട്രാപ്പിന്റെ കഥ പറയുന്നതിലൂടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം മുന്നോട്ടു പോകുന്നു.
കേണല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വീഡിയോ ചാറ്റുകള്‍ റിക്കോര്‍ഡ് ചെയ്തു പണം തട്ടുന്നു.
ആദ്യം പണം നല്‍കിയെങ്കിലും ചാറ്റുകള്‍ പുറത്തുവിടുമെന്നു പറഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി പണം ചോദിക്കുമ്പോള്‍ കേണല്‍ ആത്മഹത്യയിലാണ് അഭയം തേടുന്നത്.
ഐജി പി. വിജയന്, എറണാകുളം റൂറല്‍ എസ് പി കെ. കാര്‍ത്തിക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഓഫീസര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നടന് പൃഥ്വിരാജാണ്.
ആലുവ എസ്പി ഓഫീസിലെ സീനിയര്‍ സിപിഒ ആയ പ്രസാദ് പാറപ്പുറവും കോഴിക്കോട് സിറ്റി പോലീസിലെ സിപിഒ ശരത് കോവിലകവുമാണ് രചയിതാക്കള്‍.
പിറവം പോലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ വിശ്വമാണ് സംവിധായകന്. കേണല്‍ കൃഷ്ണകുമാറായി വേഷമിട്ടിരിക്കുന്നത് സംവിധായകനും നടനുമായ റാഫിയാണ്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൃസ്വചിത്രം റിലീസ് ചെയ്തത്.
ഹണി ട്രാപ്പില്‍ അകപ്പെട്ടാല്‍ മടിച്ചു നില്‍ക്കാതെ പോലീസില്‍ പരാതി നല്‍കണം. ആ സന്ദേശമാണ് ഈ വീഡിയോയിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതെന്ന് സംവിധായകന് അരുണ്‍ വിശ്വം പറഞ്ഞു.