മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് കേരളം. 26,000 ത്തോളം ആരാധകര്‍ നിറഞ്ഞു കവിഞ്ഞ പയ്യനാട്ടേ സ്റ്റേഡിയത്തില്‍ ബംഗാളിനെ വീഴ്ത്തിയാണ് കേരത്തിന്റെ വിജയം.
ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം കപ്പടിച്ചത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായിരുന്ന മല്‍സരത്തിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് കേരളത്തിന്റെ ജയം.
ആദ്യ പകുതിയില്‍ നിറംമങ്ങിയ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവാണ് രണ്ടാം പകുതിയില്‍ കണ്ടത്. എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥയിലായിരുന്നു രണ്ടാം പകുതി. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ നേടാന്‍ ബിനോ ജോര്‍ജിന്റെ കുട്ടികള്‍ക്ക് സാധിക്കാതിരുന്നത്.
തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ബംഗാളിന് മുന്നില്‍ പല അവസരങ്ങളിലും കേരള പ്രതിരോധം പാളിയിരുന്നു. ഗോളെന്നുറപ്പിക്കാവുന്ന മികച്ച മൂന്ന് അവസരങ്ങള്‍ ബംഗാളിന് ആദ്യ പകുതിയില്‍ ലഭിച്ചെങ്കിലും ബംഗാള്‍ മുന്നേറ്റനിരയുടെ പിഴവുകള്‍ കാരണം ഗോളായില്ല. അതേസമയം കേരളം ഒരിക്കല്‍ മാത്രമാണ് ഗോളടിക്കുന്നതിന് തൊട്ടടുത്ത് എത്തുന്നത്.
ഇരുടീമുകളും ബോക്‌സ് ടു ബോക്‌സ് ആക്രമിച്ചു കളിച്ച മത്സരത്തില്‍ കാണികള്‍ക്ക് ആവേശം സമ്മാനിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ ആദ്യപകുതിയില്‍ ഉണ്ടായിരുന്നു.
37ാം മിനിട്ടില്‍ സെമിഫൈനലില്‍ അഞ്ച് ഗോളടിച്ച ജെസിനെ വിഗ്‌നേഷിന് പകരവും നിജോ ഗില്‍ബര്‍ട്ടിന് പകരമായി ഫസലുറഹ്‌മാനെയും കേരളം ഇറക്കി, എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല.