ടൂറിസ്‌റ്റുകള്‍ക്ക് ഗൈഡായി ഇനി ‘കോട്ടയം ടൂറിസം ആപ്പ്’

കോട്ടയം: ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. കോട്ടയം ടൂറിസം എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം.

ബാക്ക് വാട്ടേഴ്സ്, പിക്നിക്ക് സ്പോട്ട്സ്, ഹെറിട്ടേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്റേഴ്സ്, ആയുര്‍വേദ സെന്റേഴ്സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്.

ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹരമായ ചിത്രവും അവയെ ചെറു വിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും.

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ച് വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എക്സ്പ്ലോര്‍ കുമരകം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപ്പറേട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഉത്പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്.

കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

Related Articles

Back to top button