മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം; യാത്രക്കാർ കൂടുതൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് ​യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായി മലക്കപ്പാറയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്ന പദ്ധതിയുമായി കെഎസ്ആർടിസി.

നിലവിൽ ചാലക്കുടി ഡിപ്പോയിൽ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. ഇനിയും യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം. ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്. പ്രകൃതി രമണീയമായ തേയിലതോട്ടം ഉൾപ്പെടെ കണ്ട് തിരികെ വരാൻ ഒരാൾക്ക് ഓർഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്.

പെരിങ്ങൽകുത്ത് ഡാം പ്രദേശത്ത് ഇറങ്ങാൻ വനം വകുപ്പിന്റെ അനുവാദമില്ലാത്തതിനാൽ ബസിനുള്ളിൽ ഇരുന്ന് കൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യാനുസരം രാവിലെ 7 മണി മുതൽ മലക്കപ്പാറയിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും. ഏകദേശം മുക്കാൽ മണിക്കൂർ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും.

അവിടെ യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്. പിന്നീടങ്ങോട്ട് വനമേഖലയിലുടേയാണ് യാത്ര പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പറമ്പിക്കുളം ,തൃശ്ശൂർ ജില്ലയിലെ ചിമ്മിനി ഷോളയൂർ, ഇടുക്കി ജില്ലയിലെ ഇടമലക്കുടി മാങ്കുളം എല്ലാം ഉൾപെടുന്ന നിബിഡമായ വനത്തിലൂടെയാണ് യാത്ര.

അതിരപ്പിള്ളി കഴിഞ്ഞാൽ മഴക്കാടുകളാണ്. ചാർപ്പ വെള്ളച്ചാട്ടത്തിലാണ് അടുത്ത സ്റ്റോപ്പ്. തുടർന്ന് വാഴച്ചാൽ വഴി ചാലക്കുടി പുഴയോരത്ത് കൂടെയാണ് യാത്ര. പിന്നീട്‌ പോയത് പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയർ വഴിയാണ് യാത്ര. അത് കഴിഞ്ഞാൽ ഷോളയാർ പവർ ഹൗസ് കഴിഞ്ഞ് മലക്കപ്പാറയെത്താൻ ഏകദേശം 4 മണിക്കൂർ ആണ് യാത്ര സമയം.

നിലവിൽ യാത്രക്കാരുടെ ആവശ്യാനുസരണം റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ദിവസേന 300 യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള പാക്കേജും നടപ്പിലാക്കാനാണ് ശ്രമം.

Exit mobile version