വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍

തിരുവനന്തപുരം: വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആരംഭിച്ചു.

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ലഭിക്കുന്ന പ്രോജക്ടുകളും ജോലികളും നടപ്പാക്കുന്നതിന് പതിനഞ്ചു ലക്ഷം രൂപവരെയാണ് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുക.

പര്‍ച്ചേയ്സ് ഓര്‍ഡറിന്‍റെ എണ്‍പതുശതമാനമായി വായ്പാ തുക പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ഗുണഭോക്താവ് അനുവദിക്കുന്ന തുക മുന്‍കൂറായാണ് വായ്പയായി നല്‍കുക. ആറ് ശതമാനമാണ് പലിശ. ഒരു വര്‍ഷത്തിനുള്ളിലോ പ്രോജക്ട് പൂര്‍ത്തീകരിക്കുന്ന കാലാവധിക്കുള്ളിലോ വായ്പ തിരിച്ചടയ്ക്കണം.

ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡിന്‍റെ സര്‍ട്ടിഫിക്കേഷനും കെഎസ് യുഎമ്മിന്‍റെ യൂണീക്ക് ഐഡിയുമുള്ള വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം.

വനിതകള്‍ സഹ സ്ഥാപകരായി മുഖ്യ ചുമതല ഏറ്റെടുത്തിട്ടുള്ള കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായിരിക്കണം.

രജിസ്റ്റര്‍ ചെയ്യുന്നതിന് startupmission.kerala.gov.in സന്ദര്‍ശിക്കുക.

വനിതാ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുന്ന സീഡ് റിവോള്‍വിംഗ് ഫണ്ട് സ്കീം, സീഡ് ഫണ്ട് സ്കീം തുടങ്ങിയ വായ്പാ പദ്ധതികളും കെഎസ് യുഎം നടപ്പിലാക്കുന്നുണ്ട്.

മുന്‍പ് എസ് സി വിഭാഗത്തിലുള്ള വനിതാ സംരംഭകര്‍ക്ക് പലിശ രഹിത വായ്പയും പിന്നീട് ആറ് ശതമാനം പലിശനിരക്കില്‍ വായ്പയും നല്‍കിയിരുന്നു.

സീഡ് റിവോള്‍വിംഗ് വായ്പ പരിധി 10 ലക്ഷമാണ്. ഒരു വര്‍ഷത്തെ മൊറോട്ടോറിയവുമുണ്ട്. അഞ്ചുലക്ഷം രൂപ വരെയാണെങ്കില്‍ 24 മാസത്തവണകളായും അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കില്‍ 36 മാസത്തവണകളായും തിരിച്ചടച്ചാല്‍ മതി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമയ പരിധി കൂടാതെ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് 8047180470 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button