ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവട് മാറി കുടുംബശ്രീ

തൃശ്ശൂർ: കോവിഡ് പ്രതിരോധങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും സാധാരണ കൂടിക്കാഴ്ചകള്‍ക്ക് തടസമാപ്പോള്‍ വടക്കാഞ്ചേരിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റി.

വടക്കാഞ്ചേരി ബ്ലോക്കിലെ 7 കുടുംബശ്രീ സിഡിഎസുകളില്‍ വളരെ നല്ല രീതിയിലുള്ള മുന്നേറ്റമാണ് ഓണ്‍ലൈന്‍ രംഗത്ത് നടന്നത്. ചികിത്സാ സഹായങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ബോധവത്ക്കരണ ക്ളാസുകള്‍, വാക്സിന്‍ രജിസ്ട്രേഷന്‍, തുടങ്ങിയ മേഖലകളിലെല്ലാം കുടുംബശ്രീ ഓണ്‍ലൈന്‍ വഴി നിര്‍ണായകമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ സാങ്കേതിക പരിചയം നേടിയ ഒരു കൂട്ടം കുടുംബശ്രീ അംഗങ്ങള്‍ മുന്നിട്ടിറങ്ങിയതോടെ മുതിര്‍ന്നവര്‍ ഉള്‍പ്പടെയുള്ള സിഡിഎസ് അംഗങ്ങള്‍ക്കും ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.

വടക്കാഞ്ചേരിയില്‍ കുടുംബശ്രീ സിഡിഎസുകള്‍ ഓണ്‍ലൈന്‍ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍:

ടെലിമെഡിസിന്‍

കോവിഡ് പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ പോയി ഡോക്ടറുടെ സേവനം ലഭിക്കുക എന്നത് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കി.

കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ അമ്പിളി വിനോദ് ഓണ്‍ലൈനായി രോഗികള്‍ക്ക് ഡോക്ടറെ കണ്ട് സംസാരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വാര്‍ഡ്തല ആര്‍ആര്‍ടി പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും അവര്‍ വയോധികര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു.

ആന്‍റിജന്‍, ആര്‍ ടി പി സി ആര്‍ റിസള്‍ട്ടുകള്‍ വെബ്സൈറ്റില്‍ നോക്കി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അറിയിച്ചു കൊടുക്കുകയും കുടുംബശ്രീ അംഗങ്ങള്‍ ചെയ്യുന്നുണ്ട്.

ഇ പേ ക്യാംപെയിന്‍

കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടുള്ള യോഗങ്ങള്‍ അസാധ്യമായപ്പോള്‍ ഗൂഗിള്‍ മീറ്റ് വഴി അയല്‍ക്കൂട്ട യോഗങ്ങള്‍ ചേര്‍ന്ന് സമ്പാദ്യം, ലോണ്‍ തിരിച്ചടവ് തുടങ്ങിയ ഇടപാടുകള്‍ ഡിജിറ്റല്‍ ബാങ്കിംഗ് വഴി ചെയ്യാന്‍ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഇ പേ ക്യാമ്പയിന്‍റെ ഉദ്ദേശ്യം.

വടക്കാഞ്ചേരി ബ്ലോക്കിലെ 1713 അയല്‍ക്കൂട്ടങ്ങളിലെ 1658 അംഗങ്ങളും ഈ ക്ലാസില്‍ പങ്കാളികളായിട്ടുണ്ട്. ഇത്തരത്തിലുള്ള ഈ ക്ലാസിനുശേഷം പല അയല്‍ക്കൂട്ടങ്ങളും അവരുടെ സമ്പാദ്യം, തിരിച്ചടവ് ഡിജിറ്റല്‍ വഴി നടത്തി തുടങ്ങി.

മിഷന്‍ കോവിഡ് 2021

പ്രതിരോധിക്കാം സുരക്ഷിതരാവാം എന്ന സന്ദേശവുമായി ഓണ്‍ലൈന്‍ വഴി കുടുംബശ്രീ നടത്തിയ മറ്റൊരു ക്യാമ്പയിനാണ് മിഷന്‍ കോവിഡ് 2021.

കോവിഡുമായി ബന്ധപ്പെട്ട് സാധാരണക്കാരെ ബോധവത്ക്കരിക്കുക, കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അയല്‍ക്കൂട്ട അംഗങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് ഈ ക്യാമ്പയിന്‍റെ പ്രധാനലക്ഷ്യം.

കുടുംബശ്രീ സംസ്ഥാന മിഷന്‍റെയും ജില്ലാ മിഷന്‍റെയും നിര്‍ദ്ദേശപ്രകാരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആര്‍ആര്‍ടിമാര്‍, ബ്ലോക്ക് തല ആര്‍ആര്‍ടിമാര്‍ക്ക് ക്ലാസുകള്‍ നല്‍കുന്നു.

ഇവര്‍ സി ഡി എസ് തലത്തിലും എഡിഎസ് തലത്തിലും അയല്‍ക്കൂട്ട തലത്തിലും ക്ലാസ് നല്‍കുകയും ചെയ്യുന്നു. അങ്ങനെ കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും ഈ ക്യാമ്പയിന്‍റെ ഭാഗമാകുന്നു.

കോവിഡ് വാക്സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നടത്തി കൊടുക്കുന്നതിനും ഷെഡ്യൂള്‍ ചെയ്തു കൊടുക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

വടക്കാഞ്ചേരി സിഡിഎസ് ഒന്നിന്‍റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കോവിഡ് പോസിറ്റീവായ വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെല്‍പ് ഡെസ്ക് വളരെ ആശ്വാസകരമാണ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നു.

Related Articles

Back to top button