കാൻബറ: ഒരു പതിറ്റാണ്ടോളം നീണ്ട ലിബറൽ-നാഷണൽസ് ഭരണത്തിന് അവസാനം കുറിച്ച് ലേബർ പാർട്ടി ഓസ്ട്രേലിയയിൽ അധികാരമുറപ്പിച്ചു. ആന്തണി അൽബനീസി രാജ്യത്തിന്റെ 31ാം പ്രധാനമന്ത്രിയാകും.
പ്രധാനമന്ത്രി സ്കോട്ട് മോറിസണെ പരാജയപ്പെടുത്തിയാണ് അൽബനീസി ഭരണം പിടിച്ചെടുത്തത്. ആൽബനീസിയുടെ വിജയം പുതിയ ചരിത്രവും സൃഷ്ടിച്ചു. ആംഗ്ലോ-കെൽറ്റിക് ഇതര പശ്ചാത്തലത്തിൽ നിന്നുള്ള ഓസ്ട്രേലിയയുടെ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രമാണ് ആൽബനീസിയെ കാത്തിരിക്കുന്നത്.
വോട്ടെണ്ണൽ തുടങ്ങി നാലു മണിക്കൂറോളമായപ്പോഴാണ് ലിബറൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്കോട്ട് മോറിസൻ തോൽവി സമ്മതിച്ചത്.
ലേബർ നേതാവ് ആന്തണി അൽബനീസിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി മോറിസൻ അറിയിച്ചു.
ലിബറൽ പാർട്ടിയുടെ അടുത്ത നേതൃയോഗത്തിൽ താൻ നേതൃസ്ഥാനം കൈമാറുമെന്ന് സ്കോട്ട് മോറിസൻ വ്യക്തമാക്കി.
ഭരണം നഷ്ടമായാൽ പ്രധാനമന്ത്രി പാർട്ടി നേതൃസ്ഥാനം ഒഴിയുന്നതാണ് ഓസ്ട്രേലിയയിൽ പതിവ്. ഭൂരിഭാഗം പേരും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാറുമുണ്ട്.
ലിബറൽ പാർട്ടിയെയും ഓസ്ട്രേലിയയെയും നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്കോട്ട് മോറിസൻ പറഞ്ഞു.
ആധുനിക ഓസ്ട്രേലിയയെ പ്രതിഫലിപ്പിക്കുന്ന പാർലമെന്റാകും ഇനിയുണ്ടാകുകയെന്ന് ആന്തണി അൽബനീസി പറഞ്ഞു.