
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ (92) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്കറെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ജനുവരി 29നു ലതാ മങ്കേഷ്കറെ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു.
എന്നാൽ, ഐസിയുവിൽ ത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ലതാജിയെന്ന് സ്നേഹവിളിയിൽ അറിയപ്പെട്ട ഇന്ത്യയുടെ വാനമ്പാടിക്ക് സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിരുന്നു. പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ് ഫാൽക്കെ അവാർഡ്(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ കൊങ്കണി കുടുംബത്തിലാണ് ലതയുടെ ജനനം. അമ്മ: ശുദ്ധമാതി.