തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി അവതരിപ്പിക്കുന്നു.
നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെ 5% പലിശ നിരക്കിൽ നൽകുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക.
ഒരു വര്ഷം 500 സംരംഭം എന്ന കണക്കിൽ 5 വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ 3% സബ്സ്സിഡി കേരള സർക്കാരും , 2% സബ്സ്സിഡി കെഎഫ്സിയും നൽകും.
വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്ട്രേഷൻ ഉണ്ടാവണം.മുഖ്യ സംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം.
പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും.
പദ്ധതി ചിലവിന്റെ 90% വരെയാണ് വായ്പ . പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ, 1 കോടി രൂപ വരെ ഉള്ള വായ്പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും വായ്പ അനുവദിക്കുക
10 വര്ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വര്ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും.
സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു 1 കോടി രൂപവരെയുള്ള വായ്പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.