ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘പി.എം കിസാന്‍ സമ്മാന്‍ നിധി യോജന’ പ്രകാരം ഇനി ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കും.
അതായത് ഭാര്യയ്ക്കും ഭര്‍ത്താവിനും ഈ പദ്ധതിയിലൂടെ 6000 രൂപയുടെ ആനുകൂല്യം നേടാം. മാറ്റം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനക്ക് കീഴില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്. 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്.
ഇതുവരെ ഈ പദ്ധതിയുടെ കീഴില്‍ 12 തവണയാണ് കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കിയത്. അടുത്തിടെയാണ് ഈ പദ്ധതിയുടെ കീഴില്‍ 12-ാം ഗഡു തുകയായ 2000 രൂപ നല്‍കിയത്.
പി.എം കിസാന്‍ യോജനയുടെ നിയമങ്ങള്‍ അനുസരിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ കഴിയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ആനുകൂല്യം നേടിയെടുത്താല്‍ പ്രസ്തുത തുക സര്‍ക്കാര്‍ വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇനി ഇരുവര്‍ക്കും ആനുകൂല്യങ്ങള്‍ നേടാം.
അര്‍ഹതയില്ലാത്ത കര്‍ഷകര്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അവര്‍ നേടിയ മൊത്തം തുകയും സര്‍ക്കാരിലേക്ക് തിരികെ നല്‍കേണ്ടി വരും.
ഈ പദ്ധതിയുടെ നിയമങ്ങള്‍ പ്രകാരം കര്‍ഷകരുടെ കുടുംബത്തില്‍ ആരെങ്കിലും നികുതി അടയ്ക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രയോജനം ലഭിക്കില്ല.
നിയമം അനുസരിച്ച് ഒരു കര്‍ഷകന്‍ തന്റെ കൃഷിഭൂമി കൃഷിപ്പണികള്‍ക്കല്ലാതെ മറ്റുള്ള ജോലികള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ക്ക് ആനുകൂല്യം ലഭ്യമാകില്ല. കൂടാതെ കൃഷിഭൂമി സ്വന്തമല്ലാത്ത കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
കൃഷി ഭൂമിയുടെ ഉടമയായ വ്യക്തികള്‍ സര്‍ക്കാര്‍ ജീവനക്കാരോ, വിരമിച്ചവരോ, സിറ്റിംഗ് അല്ലെങ്കില്‍ മുന്‍ എംപിയോ, എംഎല്‍എയോ, മന്ത്രിയോ ആണെങ്കില്‍ അത്തരക്കാരും കര്‍ഷക പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരല്ല.
കാര്‍ഷികേതര പ്രൊഫഷണലുകളും അവരുടെ കുടുംബാംഗങ്ങളും യോഗ്യതയില്ലാത്തവരുടെ പട്ടികയില്‍ വരും.