മെല്‍ബണില്‍ കാറിനു തീപിടിച്ച് മലയാളി യുവതിയും രണ്ടു മക്കളും മരിച്ചു

മെല്‍ബണ്‍: മെല്‍ബണില്‍ കാറിനു തീപിടിച്ച് അമ്മയും രണ്ടു പിഞ്ചു മക്കളും വെന്തുമരിച്ചു. ഇവര്‍ മലയാളികളാണെന്നാണു ലഭ്യമായ വിവരം. മെല്‍ബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാന്‍ബേണ്‍ വെസ്റ്റില്‍ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്.

മരണകാരണവും കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ലഭ്യമായി വരുന്നതേയുള്ളൂ. 30 വയസുള്ള സ്ത്രീയും ആറു വയസില്‍ താഴെയുള്ള രണ്ട് പെണ്‍കുട്ടികളുമാണ് ദുരന്തത്തിനിരയായത്.

വെസ്റ്റേണ്‍ പോര്‍ട്ട് ഹൈവേയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ എമര്‍ജന്‍സി സര്‍വീസ് വിഭാഗത്തിന് ലഭിച്ചത്. ഹൈവേക്ക് സമീപമുള്ള ഒരു ഫാമിന്റെ ഗേറ്റിന് മുന്നിലാണ് വാഹനം കത്തിക്കൊണ്ടിരുന്നത്.

വിക്ടോറിയ പോലീസും ഫയര്‍ഫോഴ്സും തീ അണച്ചതിനു പിന്നാലെയാണ് വാഹനത്തിനുള്ളില്‍നിന്ന് അമ്മയുടെയും മക്കളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദുരൂഹമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് ദൃക്സാക്ഷികളായവരും കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവങ്ങള്‍ അറിയാവുന്നവരും അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നു പോലീസ് അഭ്യര്‍ഥിച്ചു.

ഒരാഴ്ച്ച മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സമാനമായ രീതിയില്‍ മലയാളികള്‍ മരിച്ച സംഭവം ഓസ്‌ട്രേലിയയിലെ പ്രവാസികളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Exit mobile version