തിരുവനന്തപുരം: അത്തം തുടങ്ങി, നാടെങ്ങും പൂവിളിയുയര്‍ന്നു. ഇനി പത്താം നാള് തിരുവോണം. കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സെപ്തംബര്‍ രണ്ടിന് സ്കൂള്‍ അടയ്ക്കുന്നതോടെ കുട്ടികള്‍ ഓണാഘോഷ തിമിര്‍പ്പിലാകും.
പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും.
ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്കും തുടക്കമാവും. പ്രളയയും കോവിഡും മൂലം കഴിഞ്ഞ നാലു വര്‍ഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്.
ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി വി.എന്‍ വാസവന് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
മന്ത്രി പി. രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.
സംസ്ഥാനതല ഓണാഘോഷം സെപ്തംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജീവനക്കാര്‍ക്ക് ബോണസും പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയും ഉടന്‍ ലഭിക്കും. ഓണക്കിറ്റുകളുടെ വിതരണം നേരത്തേ തുടങ്ങി.
സപ്ലൈകോ ഓണം ഫെയര്‍ 26 ന് ആരംഭിച്ചു. കര്‍ഷക ചന്ത, കണ്‍സ്യൂമര്‍ഫെഡിന്റെ ചന്ത തുടങ്ങിയവ ഒരുക്കം തുടങ്ങി. ഖാദി-കൈത്തറി മേളകളും ആരംഭിച്ചു. വസ്ത്രവിപണിയും പൂവിപണിയും ഉഷാറായി.
കുടുംബശ്രീ ഓണച്ചന്ത ഒന്നിന് ആരംഭിക്കും. 1070 സിഡിഎസ് തലത്തിലും 14 ജില്ലാതലത്തിലും ഓണച്ചന്തകള്‍ നടക്കും. കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും ഓണസദ്യ ബുക്കിങ് ആരംഭിച്ചു. വഴിയോര കച്ചവടക്കാരും സജീവമായി.