മണിക്കുട്ടൻ ബിഗ് ബോസ് മലയാളം സീസൺ 3 വിജയി

ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.

കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക.

സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകർ നൽകിയ വോട്ടിൻറെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.

ഫൈനൽ ഫൈവിൽ ഇടം നേടിയത് മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, മുഹമ്മദ് റംസാൻ, സായി വിഷ്ണു, ഡിംപൽ ഭാൽ എന്നിവരായിരുന്നു.

ബിഗ് ബോസ് ഷോയുടെ ഈ സീസണിലെ ശക്തനായൊരു മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്.

ഫിറോസിന്റെ ഫൈനൽ ഫൈവ് പ്രവചനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തലനാരിഴ വ്യത്യാസത്തിൽ ആറാം സ്ഥാനത്തേക്ക് ഫിറോസ് പിൻതള്ളപ്പെട്ടു.

പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ എട്ടാം സ്ഥാനത്തെത്തിയത് നോബിയാണ്. ഋതുമന്ത്ര ഏഴാം സ്ഥാനവും കരസ്ഥമാക്കി.

ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പ്രത്യേക പുരസ്കാരങ്ങളും മത്സരാർത്ഥികൾക്ക് മോഹൻലാൽ സമ്മാനിച്ചു.

* ഗെയിമർ ഓഫ് ദ സീസൺ: അനൂപ് കൃഷ്ണൻ
* എന്റർടെയിനർ ഓഫ് ദ സീസൺ: മണിക്കുട്ടൻ
* പീസ് മേക്കർ ഓഫ് ദ സീസൺ: നോബി മാർക്കോസ്
* ചാമർ ഓഫ് ദ സീസൺ: മുഹമ്മദ് റംസാൻ
* മൈൻഡ് റീഡർ അവാർഡ്: കിടിലം ഫിറോസ്
* എനർജൈസർ ഓഫ് ദ സീസൺ: ഡിംപൽ ഭായ്
* ഡ്രീമർ ഓഫ് ദ സീസൺ: സായ് കൃഷ്ണ
* നൈറ്റിൻഗൽ ഓഫ് ദ സീസൺ: ഋതു മന്ത്ര

ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന നിമിഷത്തിനു സാക്ഷിയാവാൻ ഭാഗ്യലക്ഷ്മി ഒഴികെയുള്ള മത്സരാർത്ഥികളെല്ലാം ഫിനാലെ വേദിയിൽ എത്തി.

ചില പ്രത്യേക സാഹചര്യങ്ങളാൽ ഭാഗ്യലക്ഷ്മിയ്ക്ക് ഫിനാലെ വേദിയിൽ എത്താനായില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസിൽ നിന്നും ആദ്യം പുറത്തുപോയ ലക്ഷ്മി ജയൻ മുതൽ ഏറ്റവും ഒടുവിൽ ഔട്ടായ സൂര്യ മേനോൻ വരെയുള്ള മത്സരാർത്ഥികളുടെ സാന്നിധ്യം ഫിനാലെ വേദിയ്ക്ക് മിഴിവേകി.

പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിതാര, ദുർഗ കൃഷ്ണൻ, സാനിയ അയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ ബോൾഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും പ്രത്യേകതയായിരുന്നു.

കൊവിഡ് രണ്ടാംതരംഗം കാരണം പതിവിനു വിപരീതമായി ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും രണ്ട് മാസക്കാലം കാത്തിരിക്കേണ്ടിവന്ന സീസണ്‍ ആയിരുന്നു ഇത്തവണത്തേത്.

തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19ന് ബിഗ് ബോസ് 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു.

ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍.

ഷോ നടന്ന ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെയും വേദി.

Exit mobile version