രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ആവർത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കൽ വിവിധ രോഗങ്ങൾക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
‘രക്തദാനം ചെയ്യുന്നത് ഐക്യദാർഡ്യമാണ്. പരിശ്രമത്തിൽ പങ്കുചേരൂ, ജീവൻ രക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ രക്തദാന ദിന സന്ദേശം.
നിത്യേനയുണ്ടാകുന്ന റോഡപകടങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവം തുടങ്ങിയ സന്ദർഭങ്ങളിലും, ക്യാൻസർ, ഡെങ്കു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവൻ നിലനിർത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിർത്താൻ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ഈ ദിനാചരണം സഹായകമാകുന്നു.
പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയൂ. 18-നും, 65-നും ഇടയിൽ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്.
സാങ്കേതിക വളർച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പി.ആർ.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേർതിരിച്ച് 4 പേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്നു.
രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രക്തബാങ്കുകളിലും, രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലായി 42 രക്തബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ, 142 രക്തബാങ്കുകൾ സ്വകാര്യ ആശുപത്രികളിലും, സഹകരണ ആശുപത്രികളിൽ 6 രക്തബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ‘സഞ്ചരിക്കുന്ന രക്തബാങ്ക്’ വഴിയും രക്തശേഖരണം നടത്തുന്നുണ്ട്.