തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ 2നാണ് റിലീസ്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.
തിയറ്റർ റിലീസിനു ശേഷമാകും ചിത്രം ഒടിടിയിൽ പുറത്തിറങ്ങുക. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍, വിജയകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മരക്കാറിന്റെ ചിത്രീകരണം പൂർത്തിയാക്കി മൂന്നു വർഷത്തിനു ശേഷം ചിത്രം പ്രേക്ഷകരിലേക്കെത്താൻ തയ്യാറെടുക്കുമ്പോൾ ചിത്രം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമേ എന്ന പ്രാർത്ഥനയിലായിരുന്നു ആരാധകർ.
മരക്കാർ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് അവകാശപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. റിലീസുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെ തുടർന്ന് ആന്റണി പെരുമ്പാവൂർ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും രാജിവെച്ചിരുന്നു.
എന്നാൽ നിലവിൽ തിയറ്റർ ഉടമകളിൽ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്നു വച്ചെന്നും ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
സാധാരണ തിയറ്റർ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്കു നൽകുന്നത്. അതേസമയം മരക്കാരിന്റെ കാര്യത്തിൽ എങ്ങനെയാകുമെന്ന് നിശ്ചയമില്ല.