തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച തിരുവനന്തപുരം കോര്പ്പറേഷന് നടപടി വിവാദമാകുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിംഗിന് അനുവദിക്കാന്‍ സര്‍ക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ വിചിത്ര നടപടി.
ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്പ്പറേഷന് സെക്രട്ടറിയും കരാറില്‍ ഒപ്പ് വെച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേര്‍ന്നത്. എംജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാര്‍ക്കിംഗ് അനുമതി നല്‍കിയത്.
നേരത്തെ പൊതു ജനങ്ങളില്‍ നിന്നും പത്ത് രൂപ ഈടാക്കി പാര്‍ക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.
ഇതോടെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകള്‍ തടയുന്നത് പതിവായി. വാക്കുതര്‍ക്കവും ഇവിടെ സ്ഥിരമാണ്.
തര്‍ക്കമുണ്ടാകുമ്പോള്‍ കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാര്‍ ഹോട്ടലുകാര്‍ പാര്‍ക്കു ചെയ്യാനെത്തുന്നവരെ കാണിക്കുന്നതും പതിവായിരുന്നു.
റിപ്പോര്‍ട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
എം.ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങിനായി സ്ഥലം വാടകയ്ക്ക് നല്കിയ സംഭവത്തില്‍ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി.
സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കാണ് പാര്‍ക്കിങ് ഒരുക്കേണ്ടത്. പാര്‍ക്കിങിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോര്പ്പറേഷന് ഉറപ്പുവരുത്തുകയും വേണം. അങ്ങനെയിരിക്കെയാണ് കോര്പ്പറേഷന് ഒരു അവകാശവുമില്ലാത്ത സര്‍ക്കാര്‍ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തത്.