പാലക്കാട്: പച്ചച്ചക്ക ശേഖരിക്കാൻ വ്യാപാരികൾ വീടുകളിൽ എത്തിത്തുടങ്ങി. പ്ലാവുകൾ ഉള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി കറിക്ക് ഉപയോഗിക്കാനും ഇടിച്ചക്കയായും ഉപയോഗിക്കാൻ പറ്റുന്ന കൂടുതൽ വലുപ്പം വെക്കാത്ത ആറു കിലോ വരെ തൂക്കമുള്ള ചക്കയാണു ശേഖരിക്കുന്നത്.
പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണു വ്യാപാരികൾ വാങ്ങി ക്കൊണ്ടു പോകുന്നത്.
ഇടത്തരം ചക്കകൾ പറിച്ചു മാറ്റുന്നതു ശേഷിക്കുന്ന ചക്കകൾ വലുപ്പം വയ്ക്കുന്നതിനും പെട്ടെന്ന് മൂപ്പ് ആവുന്നതിനു സൗകര്യമാവുമെന്ന് കർഷകരും പറയുന്നു.
വ്യാപാരികൾ തന്നെ പ്ലാവിൽ കയറി ചക്ക പറിച്ചു മാറ്റുന്നതിനാൽ പ്ലാവ് ഉടമയ്ക്ക് എണ്ണം പിടിക്കേണ്ട ജോലി മാത്രമേയുള്ളൂ.
വലിപ്പവും നീളവും ആറുകിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 20 മുതൽ 30 രൂപ വരെ ഒരു ചക്കയ്ക്ക് വില നൽകുന്നുണ്ട്.
വടക്കഞ്ചേരിയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ചക്കകൾ കൊണ്ടുപോകുന്നത് അവിടെനിന്ന് ദിവസവും ഒരു ലോഡ് പച്ചച്ചക്കയാണ് വടക്കേ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതെന്നു വ്യാപാരികൾ പറയുന്നു.
മൂക്കാത്തതും ചുളയായി എടുക്കാൻ പാകമാകാത്തതുമാണ് കച്ചവടക്കാർ ശേഖരിക്കുന്നത്. പഴുത്ത ചക്കയ്ക്ക് ആവശ്യക്കാരുടെ കുറവും വിപണിയും ഇല്ലാതിരിക്കുന്ന സമയത്ത് വീടുകളിലെത്തി ഒന്നിച്ച് ചക്ക സംഭരിച്ച് പോകുന്നത് വീട്ടുകാർക്കും ആശ്വാസമായിട്ടുണ്ട്.
സാധാരണ ചക്ക വറുക്കുന്ന സീസണിലും പഴുക്കാറായത് പഴ വിപണിയിലേക്കുമാണ് പോകുന്നത്.പാകമാകുന്പോൾ വ്യാപാരികൾ എത്തിയില്ലെങ്കിൽ മലയണ്ണാനും കുരങ്ങും പക്ഷികളും തിന്നു നശിപ്പിക്കുന്നതിൽ നിന്ന് രക്ഷയായി മാറിയിരിക്കുകയാണ് പുതിയ പച്ചച്ചക്ക വിപണി.