കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് മൂന്ന് കോടി രൂപവരെ മൈക്രോ ക്രെഡിറ്റ് വായ്പ

എറണാകുളം: സംസ്ഥാന പിന്നാക്കവികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഒരു കുടുംബശ്രീ സി.ഡി.എസ്സിന് പരമാവധി മൂന്നു കോടിരൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായപ അനുവദിക്കും.

മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുവേണ്ടിയുള്ള (ഒ.ബി.സി) ദേശീയ പിന്നാക്കവിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കാനാകും.

വായ്പ എടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലും 60 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തിലും ഉള്‍പ്പെട്ടവരാകാം.

ബാക്കിയുള്ള 40 ശതമാനം പേര്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം. വാര്‍ഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍റെ വായ്പാ പദ്ധതി പ്രകാരം അയല്‍ക്കൂട്ടങ്ങളിലെ 75 ശതമാനം അംഗങ്ങള്‍ എങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ബാക്കിയുള്ള അംഗങ്ങള്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം.

എന്നാല്‍ ആകെ 60 ശതമാനം അംഗങ്ങള്‍ മാത്രം മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളും എസ്.സി/എസ്.ടി/ഒ.ബി.സി അംഗപരിമിത വിഭാഗത്തില്‍പ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകള്‍ക്കും വായ്പ അനുവദിക്കും.

വാര്‍ഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 120000 രൂപ വരെയും ആയിരിക്കണം.

ശുചീകരണ, മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ സഫായി കര്‍മ്മചാരീസ് ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കാനാകും.

അംഗങ്ങള്‍ക്ക് മതം, ജാതി, കുടുംബ വാര്‍ഷിക വരുമാന പരിധി സംബന്ധിച്ച നിബന്ധനകള്‍ ഇല്ല. 50 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.

തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന അയല്‍ക്കൂട്ടങ്ങള്‍ക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുത്താന്‍ കഴിയും.

പദ്ധതി പ്രകാരം അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായും ജെ.എല്‍.ജി ഗ്രൂപ്പുകളായും അയല്‍ക്കൂട്ടാടിസ്ഥാനത്തിലും അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് സി.ഡി.എസ്സ് അടിസ്ഥാനത്തിലും ഏതു സംരംഭങ്ങളും നടത്താവുന്നതാണ്.

മാലിന്യ സംസ്കരണ, ശുചീകരണ, ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ ആരംഭിക്കാം.

മഹിളാ സമൃദ്ധി യോജന പ്രാകരമുള്ള വായ്പ 3 ശതമാനം നിരക്കിലും മൈക്രോ ക്രെഡിറ്റ് വായ്പ നാല് ശതമാനം നിരക്കിലുമാണ് സി.ഡി.എസ്സുകള്‍ക്ക് അനുവദിക്കുന്നത്.

സി.ഡി.എസ്സിന് ഒരു ശതമാനം നിരക്കില്‍ മാര്‍ജിന്‍ എടുത്ത ശേഷം യഥാക്രമം നാല്, അഞ്ച് ശതമാനം നിരക്കില്‍ ഈ വായ്പ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്‍റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ 2021 ഒക്ടോബര്‍ 15നകം സമര്‍പ്പിക്കേണ്ടതാണ്.

പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസ്സുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ സാമ്പത്തിക വര്‍ഷം 230 കോടിരൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button