തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനക്കെതിരെ വിവാദ പ്രസംഗം നടത്തിയ സാംസ്കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാന് രാജിവച്ചു. സിപിഎം നിർദേശത്തെ തുടർന്നാണ് മന്ത്രി രാജിവച്ചത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജിവയ്ക്കാൻ നിർണായക തീരുമാനമുണ്ടായത്. മുഖ്യമന്ത്രിക്ക് സജി ചെറിയാൻ രാജിക്കത്ത് കൈമാറി.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കയതിന് പിന്നാലെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ ആദ്യ രാജിയുണ്ടായിരിക്കുന്നത്. ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന അവയ്ലബിള് സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗത്തില്‍ മതിയെന്നായിരുന്നു സിപിഎം തീരുമാനം. എതിരാളികള്‍ക്ക് ആയുധം നല്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേസെടുക്കാൻ കോടതി നിർദേശം
സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം. തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് നടപടി.
ഭരണഘടനയ്ക്കോ ദേശീയപതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ക്കോ എതിരെ പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് 1971 ലെ ദ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം മൂന്നു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നു നിയമവിദഗ്ധര്‍.