പോലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി ഒറിജിനല്‍’ ആക്രമണം

കുമരകം: ടൊവിനോ നായകനായ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ കുമരകം നിവാസികള്‍ക്ക് തലവേദനയായി മറ്റൊരു മിന്നല്‍ മുരളി.

കുമരകത്ത് പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്ത ശേഷം ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് ചുവരിലെഴുതിയ ശേഷം കടന്നുകളഞ്ഞ അക്രമിയെ തേടുകയാണ് പോലീസ്.

വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകര്‍ക്കുകയും വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്‌തു സാമൂഹ്യവിരുദ്ധൻ.

കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വീടിനു നേരേ ആക്രമണമുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.

എല്ലാ അക്രമങ്ങള്‍ക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവില്‍ ഭിത്തിയില്‍ എഴുതിയ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന കുറിപ്പാണ് അക്രമിയെ വ്യത്യസ്തമാക്കുന്നത്.

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്ന വീടാണിത്. ഇപ്പോള്‍ ഈ കുടുംബം വെച്ചൂരാണ് താമസം.

രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം അതിക്രമമെന്നാണ് സംശയം.

സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്ഐ എസ് സുരേഷ് പറഞ്ഞു.

സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറയുന്നു.

മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെയാണ് സ്ഥലത്ത് അക്രമങ്ങള്‍ വര്‍ധിച്ചത്.

ഇവിടുണ്ടായിരുന്ന വീടുകള്‍ പൊളിച്ചുനീക്കിയതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീര്‍ന്നുവെന്നു നാട്ടുകാർ പറയുന്നു.

Exit mobile version