
ന്യൂഡല്‍ഹി: കുരങ്ങ് പനി കുട്ടികളില്‍ മരണത്തിനിടയാക്കിയേക്കാമെന്ന് വിദഗ്ധര്‍. രോഗ വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികളില്‍ ഇത് പകരാതെ ശ്രദ്ധിക്കണം.
ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃര്‍ അറിയിച്ചു.
തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓരോ രാജ്യങ്ങളോടും രോഗം ഉടനടി നിര്‍ണയിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേഖലാ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
കുരങ്ങ് പനിയുടെ രോഗ വ്യാപന സാധ്യത കുറവാണ്. പക്ഷേ, ഇത് കുട്ടികളില്‍ മാരകമാകും. കോവിഡ് 19 പെട്ടെന്ന് വ്യാപിക്കുന്നതായിരുന്നു. എന്നാല്‍ കുരങ്ങ് പനി രോഗികളുമായി വളരെ അടുത്ത സമ്പര്‍ക്കം ഉണ്ടയാല്‍ മാത്രമേ പകരുവെന്നും ഡോ. പൂനം പറഞ്ഞു.
രോഗ വ്യാപനം തടയാന്‍ വേണ്ടത് കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്. രോഗ സാധ്യതയുള്ള ജന സമൂഹത്തെ കണ്ടെത്തി വേണ്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കണം. രോഗ സാധ്യതയുള്ളവര്‍ക്ക് വിവരം നല്‍കുകയും അവര്‍ക്ക് സ്വയമേവയും മറ്റുള്ളവരെയും രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യണമെന്നും ഡോ.പൂനം വ്യക്തമാക്കി.