മങ്കിപോക്സ്: ഇന്ത്യയിലെ ആദ്യത്തെ മരണം കേരളത്തിൽ

തൃശൂർ: കുരങ്ങുപനി അഥവാ മങ്കിപോക്സുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. UAEയിൽ നിന്ന് തിരിച്ചെത്തിയ 22കാരനാണ് മരിച്ചത്.

കുരുങ്ങുപനി സ്ഥിരീകരിച്ച 22കാരൻ തൃശൂരിൽ വച്ച് മരിച്ചതായി കേരള ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മങ്കിപോക്സിന്റെ പശ്ചിമ ആഫ്രിക്കൻ വകഭേദമാണ് ബാധിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ജൂലൈ 22ന് UAEയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ വ്യക്തിയിൽ രോഗം കണ്ടെത്തിയതിന് ശേഷം, പൂനെയിലുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു.

വിദേശത്ത് വച്ച് തന്നെ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നതായി കേരള ആരോഗ്യ മന്ത്രി വീണ ജോർജ് വെളിപ്പെടുത്തി.

പരിശോധനാ ഫലം ആരോഗ്യ അധികൃതരെ അറിയിക്കുന്നതിൽ കാലതാമസം നേരിട്ടത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതായും മന്ത്രി വീണ ജോർജ് മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മങ്കിപോക്സ്‌ ബാധിച്ചതുകൊണ്ടാണോ യുവാവ് മരിച്ചത് എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്.

യുവാവുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള 20ലധികം പേർ നിരീക്ഷണത്തിലാണ്.

ജൂലൈ 19ന് UAEയിൽ പരിശോധന നടത്തിയത് സംബന്ധിച്ചുള്ള വിവിരങ്ങൾ ജൂലൈ 30ന് മാത്രമാണ് കേരളത്തിലെ അധികൃതർക്ക് ലഭിച്ചത് എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

ജൂലൈ 22ന് കേരളത്തിലെത്തിയ വ്യക്തിയെ ജൂലൈ 27നാണ് ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളത്തിൽ എത്തിയതിന് ശേഷം എന്കെഫലൈറ്റിസ്‌ രോഗ ലക്ഷണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മങ്കിപോക്സ്‌ ബാധിക്കുന്നവർ രോഗം മറച്ചുവയ്ക്കരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ചികിത്സക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നാല് പേരിലാണ് ഇതുവരെ മങ്കിപോക്സ്‌ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് കേസുകൾ കേരളത്തിലും, ഒരാൾ ഡൽഹിയിലുമാണ്.

ഓസ്‌ട്രേലിയയിൽ കുറഞ്ഞത് 45 പേരിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചിട്ടുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.

ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനിയുമായി ബന്ധപ്പെട്ട നാലാമത്തെ മരണമാണിതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button