കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നു; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം.

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സഹായിച്ചേക്കും. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ അഞ്ചിന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തൃശൂരിലും മലപ്പുറത്തും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version