സംസ്ഥാനത്തെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ചതോടെ മലയാള സിനിമയില്‍ പുത്തനുണര്‍വ്. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം മാര്‍ച്ച് മൂന്നിന് തീയറ്ററുകളിൽ എത്തും.
ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവം. 14 വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇതിനുശേഷം തീയറ്ററുകള്‍ പൂരപറമ്പാക്കാന്‍ നേരത്തെ ഒടിടിയിലേക്ക് പോകുമെന്ന് അറിയിച്ച മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്ററും തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്.
മാര്‍ച്ച് 18-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് മൂലം നിശ്ചലമായ സംസ്ഥാനത്തെ തീയറ്ററുകൾ വീണ്ടും പൂരപ്പറമ്പുകളാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
ഊഴം കാത്തുനില്ക്കുന്ന മറ്റു മലയാള സിനിമകളും എത്രയും പെട്ടെന്ന് തീയറ്ററുകളിലേക്ക് എത്താനുള്ള സാധ്യതയും ഏറി. മമ്മൂട്ടി നായകനാകുന്ന പുഴു, സിബിഐ ദി ബ്രെയിന്‍, നിവിന്‍ പോളി ചിത്രം തുറമുഖം, മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഇതിനു പുറമേ രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രവും ധനുഷ് നായകനായ മാരന് എന്ന ചിത്രവും മാര്‍ച്ചില്‍ റിലീസിനെത്തും. എന്തായാലും ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തി പ്രതാപകാലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ തീയറ്ററുകൾ.
നിലവില്‍ ഹൃദയം, ആറാട്ട് എന്നീ ചിത്രങ്ങള്‍ തരക്കേടിലാത്ത കളക്ഷന്‍ നേടിയിട്ടുണ്ട്. 50 ശതമാനം പേരെ മാത്രം തീയറ്ററില്‍ പ്രവേശിപ്പിക്കുന്ന സമയത്തായിരുന്നു രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്.