അവയവം സ്വീകരിക്കാന്‍ കൂടുതല്‍ ഇളവുകള്‍: പ്രായപരിധി നീക്കി

രാജ്യത്തെവിടെയും രജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്‍ഹി: അവയവം സ്വീകരിക്കാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ആരോഗ്യമന്ത്രാലയം. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് മരിച്ചവരില്‍ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരിച്ചവരില്‍ നിന്ന് അവയവം സ്വീകരിക്കാനുള്ള പരമാവധി പ്രായപരിധി നേരത്തെ 65 വയസായിരുന്നു. ഇത് നീക്കിയതായാണ് ഇപ്പോള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്.

ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ 65 വയസ് ഉയര്‍ന്ന പ്രായമായി കണക്കാക്കാനാകില്ലെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കും അവസരം ലഭിക്കണമെന്നും വ്യക്തമാക്കിയാണ് തീരുമാനം. എന്നാല്‍ മുന്‍ഗണന യുവാക്കള്‍ക്കായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഒരു രാജ്യം ഒരു നയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ അവയവ ദാന ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് കേന്ദ്ര നീക്കം. ഇതിനായി ദേശീയ നയം രൂപീകരിക്കും. അവയവ ദാന ചട്ടങ്ങളിലും സുപ്രധാന മാറ്റങ്ങള്‍ വരുത്തും. സ്വന്തം സംസ്ഥാനത്ത് മാത്രം രജിസ്‌ട്രേഷനെന്ന ചട്ടം ഒഴിവാക്കും.

ഇനി രാജ്യത്ത് എവിടെയും രജിസ്‌ട്രേഷന്‍ നടത്താം. കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ അവയവദാന രജിസ്‌ട്രേഷന് പണമീടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനും തീരുമാനമായി. അവയവ ദാനത്തിന്റെ കണക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Related Articles

Back to top button