ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉള്‍പ്പടെയുള്ള ഹൃദ്രോഗ സാധ്യതകള്‍ ഇരട്ടി കൃത്യതയോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.
രക്തത്തിലെ പ്രോട്ടീനുകളുടെ അളവുകളെ ആശ്രയിച്ച് നടത്തുന്ന പരിശോധനയിലൂടെ ഒരു വ്യക്തിക്ക് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗ സാധ്യത മുന്‍കുട്ടി കണ്ടെത്താം.
പ്രോട്ടീനുകളെ അടിസ്ഥാനമാക്കിയുള്ള പരിശോധന അയതിനാല്‍ നിലവിലുള്ള പരിശോധനകളെ അപേക്ഷിച്ച് കൃത്യത ഏറെയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സ്റ്റീഫന്‍ വില്യംസ് പറഞ്ഞു. അമേരിക്കയിലെ കൊളോറാഡോയിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ സോമാലോജിക്കിലായിരുന്നു ഗവേഷണം.
22,849 ആളുകളിലാണ് സംഘം ഗവേഷണം നടത്തിയത്. പ്ലാസ്മ സാമ്പിളുകളില്‍ 5,000 പ്രോട്ടീനുകള്‍ പഠനവിധേയമാക്കി. ഇതുവഴി ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവ മൂലം മരണ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന 27 പ്രോട്ടീനുകളെ തിരിച്ചറിഞ്ഞു.
ഓരോ വ്യക്തിയുടെയും പ്രായം, ലിംഗഭേദം, വംശം, മെഡിക്കല്‍ ഹിസ്റ്ററി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.
ഇത്തരം പരിശോധനയിലൂടെ രോഗാവസ്ഥയുടെ ഏറ്റകുറച്ചിലുകള്‍ കണ്ടെത്തി ഉചിതമായ ചികിത്സ നല്‍കാം. അതുപോലെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കും.
നിലവിലെ രോഗാവസ്ഥയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്രത്തോളം ഫലം ചെയ്യുന്നുണ്ട് എന്നും കുടുതല്‍ മരുന്നുകള്‍ ആവശ്യമുണ്ടെങ്കില്‍ അതു നിര്‍ദേശിക്കാനും ഇത്തരം പരിശോധകള്‍ ഡോക്ടര്‍മാര്‍ക്ക് സഹായകമാകുമെന്ന് സയന്‍സ് ട്രാന്‍സ്ലേഷനല്‍ മെഡിസിന്‍ എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ജനിതക പരിശോധനകളില്‍ രോഗങ്ങളെക്കുറിച്ചുള്ള ധാരണകള്‍ നല്‍കാനാകുമെങ്കിലും പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനകളില്‍ കുറെക്കൂടി കൃത്യതയോടെയുള്ള ഫലം നല്‍കാന്‍ കഴിയും.
യുഎസില്‍ നിലവില്‍ നാല് ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളില്‍ ഈ ടെസ്റ്റ് ഉപയോഗിച്ചുവരുന്നു. അടുത്തുതന്നെ യു.കെയിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും. ഡോ. സ്റ്റീഫന്‍ വില്യംസ് പറഞ്ഞു.